ഫാറൂഖ് അബ്ദുള്ള അസുഖമുള്ളയാളാണെങ്കില്‍ ചികിത്സിക്കാന്‍ ഞാന്‍ ഡോക്ടറല്ല; പ്രതിപക്ഷത്തെ സഭയില്‍ പരിഹസിച്ച് അമിത് ഷാ
India
ഫാറൂഖ് അബ്ദുള്ള അസുഖമുള്ളയാളാണെങ്കില്‍ ചികിത്സിക്കാന്‍ ഞാന്‍ ഡോക്ടറല്ല; പ്രതിപക്ഷത്തെ സഭയില്‍ പരിഹസിച്ച് അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 4:50 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള എം.പിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ളയുടെ ലോക്സഭയിലെ അസാന്നിധ്യം ഇന്ന് ചര്‍ച്ചയായിരുന്നു. സഭ ആരംഭിച്ച് അല്‍പ്പസമയത്തിനകം തന്നെ ഫാറൂഖ് അബ്ദുള്ള എവിടെയെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ ഫാറൂഖ് അബ്ദുള്ളയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു.

” ഫാറൂഖ് അബ്ദുള്ള എന്റെയടുത്തുള്ള കസേരയിലാണ് ഇരിക്കാറ്. എന്നാല്‍ ഇന്ന് അദ്ദേഹം ഇവിടെയില്ല” എന്നായിരുന്നു സുപ്രിയ സുലെ പറഞ്ഞത്.

എന്നാല്‍ ഇതിന് പിന്നാലെ ബില്‍ അവതരിപ്പിക്കാനായി എഴുന്നേറ്റ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഫാറൂഖ് അബ്ദുള്ളയെ തങ്ങള്‍ അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ വസതിയില്‍ കഴിയുകയായിരുന്നു എന്നുമായിരുന്നു മറുപടി നല്‍കിയത്.

എന്നാല്‍ ഇതിന് പിന്നാലെ സംസാരിക്കാനായി എഴുന്നേറ്റ സുപ്രിയ സുലെ ” ഫാറൂഖ് അബ്ദുള്ള സുഖമില്ലാത്തയാളാണെന്നും അദ്ദേഹത്തെ കുറിച്ചുള്ള വിവരം ലഭ്യമാക്കണമെന്നും” വീണ്ടും ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് പിന്നാലെ സംസാരിക്കാനായി എഴുന്നേറ്റ അമിത് ഷാ സുപ്രിയ സുലെയെ പരിഹസിച്ചുകൊണ്ടായിരുന്നു മറുപടി നല്‍കിയത്. ഫാറൂഖ് അബ്ദുള്ളയ്ക്ക് അസുഖമാണെങ്കില്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ താന്‍ ഡോക്ടറല്ല”- എന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

ഫാറൂഖ് അബ്ദുള്ളയെ പിടിച്ചുവെച്ചിട്ടില്ല. സ്വന്തം താത്പര്യപ്രകാരം അദ്ദേഹം വീട്ടില്‍ കഴിയുകയാണെന്ന് കൂടി അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് താന്‍ വീട്ടുതടങ്കലിലാണെന്നും അമിത് ഷാ കള്ളം പറയുകയാണെന്നും വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയത്.

തന്റെ വീടിന് പുറത്ത് പൊലീസിനെ നിയോഗിച്ചിരിക്കുകയാണെന്നും വീടിന് പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയിരുന്നു.

കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ ആയിരുന്നു. എന്നാല്‍ അപ്പോഴും ഫാറൂഖ് അബ്ദുള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല.

കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കവെ ഡി.എം.കെ എം.പി ടി.ആര്‍ ബാലുവും ദയാനിധി മാരനും ഫാറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജമ്മു കശ്മീരിലെ നേതാക്കളുടെ തടങ്കലിനെതിരെ രംഗത്തെത്തിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിക്കണമെന്ന് അഗസ്റ്റ് നാലിന് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരും പാകിസ്താനും വിട്ടുനില്‍ക്കണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. കശ്മീരിലേക്ക് അസാധാരണമാം വിധം സുരക്ഷാ സേനകളെ വിന്യസിച്ചതും ഭീകര ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചതും ആശങ്കയുണ്ടാക്കുന്നതാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.