ദുല്‍ഖറിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവാണ് ഈ ചിത്രം. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലാണ്.
കഴിഞ്ഞവര്‍ഷം മേയിലാണ് ഐ ആം ഗെയിമിന്റെ ഷൂട്ട് ആരംഭിച്ചത്. ആറോളം ഷെഡ്യൂളുകളിലായിട്ടാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച ഷൂട്ട് പിന്നീട് കൊച്ചി, ഹൈദരബാദ്, ദുബായ് എന്നിവിടങ്ങളിലായി പുരോഗമിച്ചു. അവസാന ഷെഡ്യൂള്‍ ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
ഐ ആം ഗെയിം ഷൂട്ടിന്റെ 140ാം ദിവസമെന്ന് പറഞ്ഞുകൊണ്ട് ഛായാഗ്രഹകന്‍ ജിംഷി ഖാലിദ് പങ്കുവെച്ച സ്റ്റോറി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ദുല്‍ഖറിന്റെ കരിയറില്‍ ഏറ്റവുമധികം സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമായി ഐ ആം ഗെയിം മാറിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മലയാളസിനിമ ഇന്നേവരെ കാണാത്ത വന്‍ ആക്ഷന്‍ പരിപാടികള്‍ ചിത്രത്തിലുണ്ടാകുമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
റേസിങ് ബൈക്കിന്റെ ഫോട്ടോയെല്ലാം ഇന്ന് പങ്കുവെച്ച സ്റ്റോറിയിലുണ്ട്. ചിത്രത്തിന്റേതായി രണ്ട് പോസ്റ്ററുകള്‍ പുറത്തുവന്നെങ്കിലും ഴോണര്‍ ഏതാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആക്ഷന്‍ സീനുകള്‍ ഒരുപാടുള്ള ചിത്രമാണെന്ന് മാത്രമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്‍ബറിവാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍. ദുല്‍ഖറിന്റെ കരിയറിലെ നാഴികക്കല്ലായി ചിത്രം മാറുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ദുല്‍ഖര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഓണം റിലീസായെത്തുന്ന ഐ ആം ഗെയിമിന്റെ തിയേറ്റര്‍ ചാര്‍ട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. കിങ് ഓഫ് കൊത്തയുടെ പരാജയം പലിശയടക്കം തീര്‍ക്കാനാണ് ദുല്‍ഖര്‍ പദ്ധതിയിടുന്നത്.
ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റാര്‍ കാസ്റ്റ് കൊണ്ടും ഗംഭീരമാണ്. ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് താരം മിഷ്‌കിനാണ് വില്ലന്‍. കയദു ലോഹറാണ് നായിക. കതിര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജേക്‌സ് ബിജോയ്‌യാണ് സംഗീതം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: I’m Game shoot entered into 140th day