ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ ‘ഐ ലവ് മുഹമ്മദ്’ ബോര്‍ഡ് സ്ഥാപിച്ചതിന് 20ലധികം പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തിനെതിരായ പ്രതിഷേധത്തിലും നടപടി. ഇന്നലെ (വെളളി) ഹൈദരാബാദിലെ നമ്പള്ളി പബ്ലിക് ഗാര്‍ഡനില്‍ നടന്ന പ്രതിഷേധത്തിലാണ് പൊലീസ് കേസെടുത്തത്.
ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്കെതിരെയാണ് ഹൈദരാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധം സാമുദായിക ഐക്യം തകര്‍ക്കാന്‍ വേണ്ടി മനപൂര്‍വം സംഘടിപ്പിച്ചതെന്നാണ് പൊലീസിന്റെ വാദം.
സെപ്റ്റംബര്‍ ഒമ്പതിനാണ് യു.പിയിലെ കാണ്‍പൂര്‍ പൊലീസ് മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്തത്. 12 മുസ്‌ലിം യുവാക്കള്‍ക്കും തിരിച്ചറിയാനാവാത്ത 14-15 പേര്‍ക്കെതിരെയുമാണ് കേസ്.
ഐ ലൗ മുഹമ്മദ് എന്നെഴുതി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒരു പുതിയ പ്രവണതയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൊലീസ് നടപടി.
ഷറഫത്ത് ഹുസൈന്‍, സബ്നൂര്‍ ആലം, ബാബു അലി, മുഹമ്മദ് സിറാജ്, റഹ്‌മാന്‍, ഇക്റാം അഹമ്മദ്, ഇഖ്ബാല്‍, ബുണ്ടി, കുന്നു കബഡി എന്നിവരാണ് നിയമനടപടി നേരിടുന്നത്. സബ് ഇന്‍സ്പെക്ടര്‍ പങ്കജ് ശര്‍മയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബി.എന്‍.എസ് സെക്ഷന്‍ 196, 299 പ്രകാരമാണ് കേസ്. നബിദിനത്തിന്റെ ഭാഗമായാണ് സയ്യിദ് നഗറിലെ യുവാക്കള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദുത്വവാദികളും മുസ്‌ലിം സംഘടനാ നേതാക്കളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
തുടര്‍ന്ന് പൊലീസും ജില്ലാ ഭരണകൂടത്തിലെ അധികൃതരും സ്ഥലത്തെത്തിയെങ്കിലും ബോര്‍ഡുകള്‍ നീക്കം ചെയ്യുകയാണ് ഉണ്ടായത്.
ശേഷം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ മുസ്‌ലിം നേതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല. ഇതിനെതിരെയാണ് ഹൈദരാബാദില്‍ പ്രതിഷേധം നടന്നത്. എന്നാല്‍ ഹൈദരാബാദിലെ പ്രതിഷേധത്തിലും പൊലീസ് കേസെടുക്കുകയായിരുന്നു.
Content Highlight: ‘I Love Muhammad’ protest; Case filed in Hyderabad for allegedly trying to disrupt communal harmony