'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ വീട്ടിലോ പള്ളിയിലോ പ്രദര്‍ശിപ്പിക്കാം; മാര്‍ച്ചും പ്രതിഷേധവും അനുവദിക്കില്ല: യു.പി പൊലീസ്
India
'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ വീട്ടിലോ പള്ളിയിലോ പ്രദര്‍ശിപ്പിക്കാം; മാര്‍ച്ചും പ്രതിഷേധവും അനുവദിക്കില്ല: യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2025, 4:49 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് യു.പി പൊലീസ്. ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രശ്‌നമല്ലെന്നും ക്രമസമാധാനം തകരാറിലാക്കിയ വലിയ ജനക്കൂട്ടമാണ് പൊലീസിന്റെ പ്രശ്‌നമെന്നും ബറേലി റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ് കുമാര്‍ സാഹ്‌നി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വീടുകളിലോ പള്ളികളിലോ ഈദ്ഗാഹുകളിലോ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന പേരില് ആളുകള്‍ ഒത്തുകൂടുകയോ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയോ ചെയ്യുന്നത് അനുവദിക്കില്ലെന്ന് ഡി.ഐ.ജി പറഞ്ഞു.

ബറേലിയില്‍ നിലവില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലായെന്നും പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമായെന്നും സാഹ്‌നി പറഞ്ഞു. എങ്കിലും പ്രദേശം പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും സാഹ്‌നി വിശദീകരിച്ചു. അതേസമയം, ഐ ലവ് മുഹമ്മദ് പോസ്റ്ററുകള്‍ പൊലീസ് നീക്കം ചെയ്‌തോ എന്ന ചോദ്യത്തിന് ആ പ്രചാരണം തെറ്റാണെന്നാണ് സാഹ്‌നി പ്രതികരിച്ചത്.

എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 13 അംഗ പ്രത്യേക അന്വേഷണസംഘത്തിനാണ് ബറേലി പ്രദേശത്തെ സുരക്ഷാചുമതല. എസ്.ഐ.ടി ടീമില്‍ രണ്ട് ഡെപ്യൂട്ടി എസ്.പിമാരും 10 ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. ബറേലി സംഘര്‍ഷത്തില്‍ ബി.എന്‍.എസ് പ്രകാരം കലാപം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 10 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാണ്‍പൂരില്‍ ‘ഐ ലവ് മുഹമ്മദ്’ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് എതിരെ യു.പി പൊലീസ് ഒമ്പത് യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച ബറേലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ റാലിക്ക് നേരെ പൊലീസ് നടപടിയെടുത്തതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് ബറേലിയിലെ നാല് ജില്ലകളില്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി വരെ ഇന്റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ നിരോധിച്ചിരുന്നു.

ഐ ലവ് മുഹമ്മദ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ കേസെടുത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശിന് പുറമെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Content Highlight: ‘I Love Muhammad’ poster can be displayed at home or in a mosque; marches and protests will not be allowed: UP Police