തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളില്‍ സജീവമാണ് റെജീന കസാന്‍ഡ്ര. കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും അരങ്ങേറി.
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന അനന്തന്‍കാട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് റെജീന. ഇപ്പോള്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് റെജീന
നായിക കഥാപാത്രമല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ താന്‍ അഭിനയിക്കുമെന്ന് റെജീന പറയുന്നു.
‘നായികയല്ലെങ്കിലും നല്ല കഥാപാത്രമായിരുന്നാല്‍ ഞാന്‍ ചെയ്തിരിക്കും. ചില സമയത്ത് നായകനെക്കാള്‍ നല്ല രീതിയില്‍ എഴുതപ്പെടുന്ന ചില കഥാപാത്രങ്ങളുണ്ട്. അത്തരം വേഷങ്ങള്‍ ചെയ്യാനിഷ്ടമാണ്,’ റെജീന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രാധാന്യമില്ലാത്ത, സൈഡ് റോളുകള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും ‘ജാട്ട്’ എന്ന ചിത്രം കണ്ട് ഞാനവതരിപ്പിച്ച ഭാരതി എന്ന കഥാപാത്രത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും നടി പറഞ്ഞു.
ജാട്ട് പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണെന്നും തമിഴില്‍ വിടാമുയര്‍ച്ചി എന്ന ചിത്രത്തിലും നെഗറ്റീവ് ഷെയ്ഡുള്ള വേഷമായിരുന്നെന്നും റെജീന കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്ന അധികം നടിമാരില്ല. നായകന്‍, നായിക എന്നതിലപ്പുറം പലതരം കഥാപാത്രങ്ങളെ എക്സ്‌പ്ലോര്‍ ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. അതുകൊണ്ടാണ്, മലയാളസിനിമ എനിക്കേറെ പ്രിയപ്പെട്ടതാകുന്നത്,’ റെജീന പറയുന്നു.
റിയലിസ്റ്റിക്കായ ചിത്രങ്ങള്‍ തനിക്ക് വളരെയിഷ്ടമാണെന്നും എന്നാല്‍ അനന്തന്‍കാട് ഒരു കൊമോഷ്യല്‍ ചിത്രമാണെന്നനും നടി പറഞ്ഞു. ഇലവീഴാ പൂഞ്ചിറ, കുമ്പളങ്ങി നൈറ്റ്സ്, ജോജി, സൂക്ഷ്മദര്‍ശിനി എന്നീ സിനിമകളൊക്കെ തനിക്ക് വളരെ ഇഷ്ടമാണെന്നും മലയാളമായാലും മറ്റ് ഭാഷകളായാലും ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരം വേഷം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കുമെന്നും റെജീന കസാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: I love Malayalam cinema a lot, it’s an industry that explores characters: Regina Cassandra