തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളില്‍ സജീവമാണ് റെജീന കസാന്‍ഡ്ര. കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും അരങ്ങേറി.
മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന അനന്തന്‍കാട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് റെജീന. ഇപ്പോള്‍ മലയാളത്തിലേക്ക് കടന്നുവരുന്നതിനെപ്പറ്റിയും ഭാഷയെക്കുറിച്ചും സംസാരിക്കുകയാണ് നടി.
‘ഒത്തിരി കമേഴ്‌സ്യല്‍ ഘടകങ്ങളുള്ള സീരിയസ് പൊളിറ്റിക്കല്‍ ഡ്രാമയാണ് അനന്തന്‍കാട്. ഒട്ടേറെ ലെയറുകള്‍ ചിത്രത്തിനുണ്ട്. ഒരു നടിയുടെ വേഷമാണ് ചെയ്യുന്നത്. അത്രമാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റൂ. ഒരു നൃത്തരംഗമുണ്ട്. തമിഴ്-മലയാളം ബൈലിംഗ്വല്‍ മൂവിയാണിത്,’ റെജീന പറയുന്നു.
ഭാഷയെ വെല്ലുവിളിയായി ഒരിക്കലും കണ്ടിട്ടില്ലെന്നും തിരക്കഥ നേരത്തെ വായിക്കാന്‍ തന്നിരുന്നെന്നും റെജീന പറയുന്നു. ഷൂട്ടിന് മുന്‍പേ അതെല്ലാം മനപാഠമാക്കിയെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ക്കൊപ്പമിരുന്ന് സംഭാഷണങ്ങള്‍ പഠിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഒരു ഡയലോഗ് പത്തുതവണ പറയുമ്പോള്‍ താന്‍ ഇരുപതുതവണ പറയുമെന്നും ഒരു പുതിയ ഭാഷ പഠിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് തനിക്ക് വളരെയിഷ്ടമാണെന്നും റെജീന പറഞ്ഞു. തന്റെ രംഗങ്ങളില്‍ വലിയ സംഭാഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ക്കൊപ്പമിരുന്ന് പഠിക്കുകയാണ് ചെയ്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.
റിയലിസ്റ്റിക്കായ ചിത്രങ്ങള്‍ തനിക്ക് വളരെയിഷ്ടമാണെന്നും എന്നാല്‍ അനന്തന്‍കാട് ഒരു കൊമോഷ്യല്‍ ചിത്രമാണെന്നനും നടി പറഞ്ഞു. ഇലവീഴാ പൂഞ്ചിറ, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, സൂക്ഷ്മദര്‍ശിനി എന്നീ സിനിമകളൊക്കെ തനിക്ക് വളരെ ഇഷ്ടമാണെന്നും മലയാളമായാലും മറ്റ് ഭാഷകളായാലും ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരം വേഷം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കുമെന്നും റെജീന കസാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: I like realistic films, those are my favorite Malayalam films: Regina Cassandra