ജനങ്ങളെ സേവിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും വിജയ് പറഞ്ഞു. തിരുച്ചിറപ്പള്ളിയില്‍ നടന്ന റോഡ് ഷോക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം.
പണം സമ്പാദിക്കാനല്ല താന്‍ രാഷ്ട്രീയത്തില്‍ വന്നത്. തന്റെ ജീവതത്തില്‍ ഒരുപാട് പണം കണ്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും തനിക്കില്ലെന്നും വിജയ് പറഞ്ഞു. ടി.വി.കെയ്ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന പിന്തുണ കണ്ട ശേഷം തന്റെ എതിരാളികള്‍ പലതും പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും വിജയ് പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെയും വിജയ് വിമര്‍ശനം ഉയര്‍ത്തി. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നും വിജയ് പറഞ്ഞു. എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും പിരിച്ചുവിട്ട് രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും വിജയ് ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് സമാനമായി ഡി.എം.കെ സര്‍ക്കാരും ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നും വിജയ് പറഞ്ഞു. ഇതുവരെ താന്‍ ഉന്നയിച്ച ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തയ്യാറായിട്ടുണ്ടോയെന്നും വിജയ് ചോദിച്ചു.
മധുരൈയില്‍ നടന്ന ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലും വിജയ് കേന്ദ്രത്തിനും ഡി.എം.കെയ്ക്കുമെതിരെ സംസാരിച്ചിരുന്നു.
നിലവില്‍ ഭരണത്തിലിരിക്കുന്ന ഡി.എം.കെ രാഷ്ട്രീയപരമായും ബി.ജെ.പി പ്രത്യയശാസ്ത്രപരമായും ടി.വി.കെയുടെ ശത്രുക്കളാണെന്ന് വിജയ് ആവര്‍ത്തിക്കുകയായിരുന്നു. ടിവി.കെ താമരയിലയില്‍ വെള്ളം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വിജയ്ക്കും ടി.വി.കെയ്ക്കുമെതിരെ എം.കെ. സ്റ്റാലിന്‍ ഇന്നലെ (ശനി) രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
‘പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത, ബഹളമുണ്ടാക്കുന്ന, പൊതുജനത്തിന് ശല്യമുണ്ടാക്കുന്ന ഒരു ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പാര്‍ട്ടിയല്ല ഡി.എം.കെ,’ എന്നാണ് സ്റ്റാലിന്‍ പരോക്ഷമായി വിമര്‍ശിച്ചത്. വിജയ്‌യുടെ സംസ്ഥാന വ്യാപക പര്യടനം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
Content Highlight: I have seen a lot of money; I entered politics to serve the people: Vijay