44 വര്‍ഷമായി സംഗീത ലോകത്ത് ജീവിക്കുന്ന ആളാണ് ഉണ്ണി മേനോന്‍. നാല് ഭാഷകളിലായി നാലായിരത്തോളം സിനിമാഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. ഭക്തിഗാനങ്ങളും ആല്‍ബങ്ങളുമായി പതിനായിരത്തോളം പാട്ടുകള്‍.
തമിഴ്‌നാട് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് കൊടുക്കുന്ന പരമോന്നത ബഹുമതിയായ കലൈലാമണി പുരസ്‌കാരം, മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ യേശുദാസിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
പുതുതായി വന്നവരുടെ അവസരം യേശുദാസ് തട്ടിയെടുത്തു എന്ന് ആരോപിക്കുന്നവരോട് പറയാനുള്ളത്, അതൊക്കെ ശുദ്ധ അസംബന്ധമാണ് എന്നാണ്.
‘ഞങ്ങളൊക്കെ അദ്ദേഹത്തോടൊപ്പം നിന്നിരുന്ന ആള്‍ക്കാരല്ലേ. ഞങ്ങള്‍ക്ക് അറിയാത്തത് അല്ലല്ലോ അതൊന്നും. ദാസേട്ടന്റെ അന്നത്തെ അവസ്ഥ ശ്വാസം വിടാന്‍ പോലും സമയമില്ല എന്നുള്ളതാണ്. അത്രയ്ക്കായിരുന്നു തിരക്ക്. ഒരു ഭാഷയില്‍ അല്ലല്ലോ അദ്ദേഹം പാടിയത്. അതിനിടയില്‍ ഈ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അദ്ദേഹത്തിന് ശ്രദ്ധിക്കാന്‍ തന്നെ സമയമില്ല.
പിന്നെ ഒരാള്‍ പാട്ടുകാരനാവാന്‍ വന്നാല്‍ രണ്ടുകാരണങ്ങള്‍ കൊണ്ട് തള്ളപ്പെടും. ഒന്ന് കഴിവുകേട്. ചിലര്‍ക്ക് കഴിവുണ്ടാവും പക്ഷേ, അതിനെക്കാള്‍ കൂടുതലാവും അഹങ്കാരം. മറ്റൊന്ന് ഭാഗ്യമില്ലായ്മ,’ ഉണ്ണി മേനോന്‍ പറയുന്നു.
വ്യക്തിപരമായി തന്റെ പരാജയങ്ങള്‍ കഴിവു കേടുകൊണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും തനിക്ക് കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടാത്തതുകൊണ്ട് ചിലര്‍ ചോദിക്കാറുണ്ടെന്നും ഉണ്ണി മേനോന്‍ പറഞ്ഞു. എന്നാല്‍ അത് ലഭിക്കാത്തത് കൊണ്ട് ദുഖമില്ലെന്നും അത് പരാജയമായി ഉള്‍ക്കൊള്ളാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയും മോഹന്‍ലാലും ഗാനരംഗത്ത് ആദ്യമായി അഭിനയിക്കുന്നത് താന്‍ പിന്നണി പാടിയ പാട്ടിലാണെന്നും അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഉണ്ണി മേനോന്‍ കൂട്ടിച്ചേര്‍ത്തു.