എന്റെ ഒരു സിനിമയിലും ഇത്തരം ക്രൂവിനെ കണ്ടിട്ടില്ല; അത് റിഫ്രെഷ്‌മെന്റ് പോലെ: അനുപമ പരമേശ്വരൻ
Malayalam Cinema
എന്റെ ഒരു സിനിമയിലും ഇത്തരം ക്രൂവിനെ കണ്ടിട്ടില്ല; അത് റിഫ്രെഷ്‌മെന്റ് പോലെ: അനുപമ പരമേശ്വരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th August 2025, 3:37 pm

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ ജോർജ് ആദ്യമായി സ്നേഹിക്കുന്ന ചുരുണ്ട മുടിക്കാരി മേരിയെ പ്രേക്ഷകർ ഏറ്റെടുത്തു.

പിന്നീട് മലയാളത്തിൽ അധിക ചിത്രങ്ങളിൽ അഭിനയിച്ചില്ലെങ്കിലും തെലുങ്കിലും തമിഴിലും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഡ്രാഗണിലും നായികമാരിലൊരാൾ അനുപമയായിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ പർദ്ദയെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ.

‘എന്റെ ഒരു സിനിമയിലും ഇത്തരം ടീമിനെ കണ്ടിട്ടേയില്ല. ഇതുവരെയുള്ള ഒരു സിനിമയിലും ഇത്രയധികം പെൺകുട്ടികളെ കണ്ടിട്ടില്ല. എനിക്ക് തന്നെ സർപ്രൈസിങ് ആയിരുന്നു. സെറ്റിലുണ്ടായ മുഴുവൻ പേരും പെൺകുട്ടികളായിരുന്നു. എനിക്കത് റിഫ്രെഷ്‌മെന്റ് പോലെയായിരുന്നു,’ അനുപമ പറയുന്നു.

ഈ സിനിമ സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുള്ള സിനിമയാണെന്നും സ്ത്രീകൾക്ക് ഇത്രയും വർക്ക് ചെയ്യാനുള്ള സ്‌പേസ് കൊടുക്കുന്ന സംവിധായകൻ ആണ് ഈ സിനിമയിലേതെന്നും അനുപമ പരമേശ്വരൻ കൂട്ടിച്ചേർത്തു.

ഒരു സീൻ മാറ്റുമ്പോൾ പോലും സംവിധായകൻ അഭിപ്രായം ചോദിക്കുമെന്നും ഇതൊരു ട്രാവൽ മൂവിയാണെന്നും നടി പറയുന്നു.

ഒരുപാട് കഷ്ടപ്പെട്ട യാത്രയായിരുന്നു ചിത്രത്തിലേതെന്നും അതുകൊണ്ടാണ് സിനിമയിൽ അഭിനയിച്ച എല്ലാവരും ക്ലോസ് ആയതെന്നും അനുപമ പറഞ്ഞു.

ഈ സിനിമ ഇറങ്ങിക്കഴിയുമ്പോൾ ആ യാത്ര താൻ മിസ് ചെയ്യുമെന്നും അതൊരു മനോഹരമായ യാത്രയായിരുന്നെന്നും നടി കൂട്ടിച്ചേർത്തു. എങ്ങനെയാണ് വളരെ വേഗത്തിൽ തന്നെ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ സാധിച്ചതെന്നോ എല്ലാവരും തമ്മിൽ ക്ലോസ് ആയതെന്നോ അറിയില്ലെന്നും അനുപമ കൂട്ടിച്ചേർത്തു. മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരൻ.

പർദ്ദ

പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് പർദ്ദ. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധർ മക്കുവ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പർദ്ദ.

Content Highlight: I have never seen such a crew in any of my films says Anupama Parameswaran