നടന്മാരുടേതുള്‍പ്പെടെ നല്ല പ്രൊപ്പോസലുകള്‍ വന്നിരുന്നു; പക്ഷേ യെസ് പറയാന്‍ തോന്നിയില്ല: സുമ ജയറാം
Malayalam Cinema
നടന്മാരുടേതുള്‍പ്പെടെ നല്ല പ്രൊപ്പോസലുകള്‍ വന്നിരുന്നു; പക്ഷേ യെസ് പറയാന്‍ തോന്നിയില്ല: സുമ ജയറാം
ആര്യ.പി
Wednesday, 8th July 2026, 6:15 pm

മൂന്നാംമുറ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ താരമാണ് സുമ ജയറാം. കുട്ടേട്ടന്‍, മാലയോഗം, വചനം, ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യന്‍, കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മഴയെത്തും മുന്‍പേ, ഇഷ്ടം… തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ ജയറാം ഭാഗമായി. സിനിമകളോടൊപ്പം ടെലിവിഷന്‍ പരമ്പരകളിലും സുമ ജയറാം സജീവമായിരുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തിന് ശേഷം കരിയറില്‍ വലിയൊരു ബ്രേക്ക് എടുക്കുകയായിരുന്നു സുമ. ഇരുപത് വര്‍ഷത്തിലേറെയായി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ശക്തമായ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് സുമ ജയറാം പറയുന്നു. ഒപ്പം തന്റെ കുടുംബ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മൈല്‍സ് സ്റ്റോണ്‍ സ്‌റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സുമ ജയറാം സംസാരിക്കുന്നുണ്ട്.

സഹോദരങ്ങളെ പഠിപ്പിച്ചതും അവരുടെ കാര്യങ്ങള്‍ നോക്കിയതുമെല്ലാം താനായിരുന്നുവെന്നും കുടുംബത്തിന് വേണ്ടി പല കാര്യങ്ങളും മാറ്റിവെച്ചെന്നും ഒരു പ്രണയവിവാഹമൊക്കെ ആഗ്രഹിച്ച തനിക്ക് അതിന് പോലും സമയം കിട്ടിയില്ലെന്നും സുമ ജയറാം പറഞ്ഞു.

‘എനിക്ക് വരുന്ന ലവ് ലെറ്റേഴ്‌സ് പോലും വായിച്ചിരുന്നത് അമ്മയും അമ്മാവന്‍മാരുമായിരുന്നു. പിന്നെ എന്തുചെയ്യും. ആ സമയത്ത് പിന്നെ അതൊന്നും തോന്നിയില്ല. കൂടെ അഭിനയിക്കുന്നവരും ക്യാമറാമാന്‍മാരുമൊക്കെ നമ്മളെ നോക്കിയിരുന്നു. അന്ന് പക്ഷേ ആ ലഡു പൊട്ടിയിട്ടില്ല.

സുമ ജയറാം Photo: Facebook, Miles Stone Stories

കുടുംബത്തിന് വേണ്ടിയിട്ട് പലതും ത്യജിച്ചിട്ടുണ്ട്. പഠനമുള്‍പ്പെടെ. കുറച്ച് സെല്‍ഫിഷ് ആയിരുന്നെങ്കിലെന്ന് ഇപ്പോള്‍ തോന്നിയിട്ടുണ്ട്. പക്ഷേ അതിലൊന്നും വിഷമിക്കുന്നില്ല. 18 വയസൊക്കെ ആയപ്പോള്‍ ജോലി എന്ന കാര്യമായിരുന്നു പ്രധാനം.

സിനിമയിലൊക്കെ സജീവമായ സമയത്ത്, 22 വയസായപ്പോള്‍ സെറ്റില്‍ ചെയ്യാന്‍ വീട്ടുകാര്‍ പറഞ്ഞെങ്കിലും സഹോദരിയും സഹോദരനുമൊന്നും എവിടെയും എത്തിയില്ലല്ലോ എന്നതായിരുന്നു മനസില്‍. പിന്നെ വീട് സമ്പാദ്യം. ഇതൊക്കെ നോക്കണം. കുറേ നാള്‍ ഹീറോയിന്‍ ആയിട്ടൊക്കെ നിന്നിരുന്നെങ്കില്‍ സമ്പാദ്യമൊക്കെ കുറേയുണ്ടാകുമായിരുന്നു.

അന്ന് കുഞ്ചന്‍ ചേട്ടനൊക്കെ നല്ല നല്ല പ്രാപ്പോസല്‍സ് കൊണ്ടുവന്നിരുന്നു. ഒരുപാട് നടന്മാരുടെയൊക്കെ. ആ സമയത്ത് ഞാന്‍ ഒരു യെസ് പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ സൂപ്പറായിട്ടൊക്കെ ജീവിക്കാമായിരുന്നു (ചിരി). പക്ഷേ അറിയില്ല. അന്ന് അത് പറയാന്‍ തോന്നിയില്ല. അന്ന് സിനിമയില്‍ ഉള്ളവര്‍ വേണ്ട എന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നു.

സിനിമയില്‍ ഉള്ളവര്‍ തന്നെ, എന്നോട് അടുപ്പം കാണിച്ചവരോട് ഞാനത് തിരിച്ചുകാണിച്ചിട്ടില്ല. അതിനര്‍ത്ഥം എന്റെ മനസില്‍ അങ്ങനെ തോന്നിയിട്ടില്ല എന്നാണ്. ഇപ്പോള്‍ ക്യാമറമാന്‍ ആയിക്കോട്ടെ അല്ലെങ്കില്‍ ഒരു ആക്ടര്‍ ആയിക്കോട്ടെ, നമ്മുടെ അടുത്ത് ഒരു സ്‌നേഹപ്രകടനം അല്ലെങ്കില്‍ ഒരു ചെറിയ രീതിയിലുള്ള സംസാരം മാറുമ്പോള്‍ നമുക്ക് അറിയാം, ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ നമുക്ക് മനസ്സിലാകും.
പക്ഷേ അതിലേക്ക് ഞാന്‍ അതിനെ കൊണ്ടുപോയിട്ടില്ല. ആ ഒരു ബാരിയര്‍ വെച്ചിട്ടുണ്ടായിരുന്നു.
അതായിരിക്കണം എന്റെ വിവാഹകാര്യമൊക്കെ വൈകിയത്. പിന്നെ താഴെയുള്ള സഹോദരങ്ങളുടെ കാര്യങ്ങളും സെറ്റില്‍ ചെയ്യണം, ഇതൊക്കെ മനസില്‍ ഉണ്ടാവാം.

ഒരേ ഫീല്‍ഡില്‍ ഉള്ള ആള്‍ ലൈഫിലേക്ക് വന്നിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്നാന്നും അന്ന് അറിയില്ല. നമ്മുടെ പ്രൊഫഷനില്‍ ഉള്ള ആള്‍ തന്നെ മതിയെന്നും അതായിരിക്കും കുറച്ചുകൂടി നന്നാകുമെന്നൊന്നും തോന്നിയില്ല.

ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നത് ബിസിനസുകാരനെയാണ് അവര്‍ക്ക് നമ്മുടെ സിനിമയുടെ കാര്യമൊന്നും അറിയില്ല. അവര്‍ക്ക് പലതും അഡ്‌ജെസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും.

മാത്രമല്ല 13ാമത്തെ വയസില്‍ സിനിമയില്‍ എത്തിയപ്പോള്‍ ചിലപ്പോള്‍ എന്റെ അമ്മ എന്നോട് പറഞ്ഞ കാര്യങ്ങളായിക്കാം ഞാന്‍ ഫോളോ ചെയ്തിട്ടുണ്ടാവുക,’ സുമ ജയറാം പറഞ്ഞു.

Content Highlight: I had received good marriage proposals, including from actors, but I didn’t feel like saying yes: Suma Jayaram

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.