എന്റെ പ്രതിഫലത്തിന്റെ പകുതിയാണ് അന്ന് കിട്ടിയത്, ബാക്കി അവർ എടുത്തു: ഷീല
Malayalam Cinema
എന്റെ പ്രതിഫലത്തിന്റെ പകുതിയാണ് അന്ന് കിട്ടിയത്, ബാക്കി അവർ എടുത്തു: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 10:15 pm

മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചിരുന്നു.

1962ലാണ് എം.ജി.ആർ നായകനായ പാസം എന്ന സിനിമയിലൂടെ ഷീല തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. 1968ൽ പുറത്തിറങ്ങിയ ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്. 1980ൽ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. ഇപ്പോൾ ആദ്യ സിനിമയിലെ പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷീല. മുമ്പ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം പറഞ്ഞത്.

‘ആദ്യസിനിമയിൽ, ഏകദേശം അറുപതിലധികം വർഷങ്ങൾക്കുമുൻപ് ആറായിരം രൂപ പ്രതിഫലം ലഭിച്ച ആർട്ടിസ്റ്റാണ് ഞാൻ. നിർമാതാവ് തന്നതിന്റെ പകുതിയേ എനിക്ക് കിട്ടിയുള്ളൂ എന്നത് വേറെക്കാര്യം. പകുതി, ആ സിനിമാകമ്പനിക്കാർ എടുത്തു. ഇന്നും മലയാളത്തിലാണ് പ്രതിഫലം പൊതുവേ, കുറവ്. തമിഴിലും മറ്റും ഇരട്ടി പ്രതിഫലം ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ്, നമ്മുടെ താരങ്ങൾ പലരും അവിടെ ചെന്നഭിനയി ക്കുന്നത്,’ ഷീല പറയുന്നു.

നിത്യഹരിതനായിക എന്ന് എല്ലാവരും പറയുമായിരുന്നെന്നും അഭിനയസരസ്വതി എന്ന പേരും തനിക്ക് കിട്ടിയെന്ന് ഷീല പറയുന്നു. ശാരദക്ക് കിട്ടിയ പേര് ശോകപുത്രി എന്നാണെന്നും ഓരോ നടിമാർക്കും ഓരോ പേര് ആയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ കാലം മാറിയപ്പോൾ അതെല്ലാം മാറിയെന്നും ഇപ്പോൾ വെറും ഷീലയാണെന്നും അവർ പറഞ്ഞു.

തനിക്ക് കേരളത്തിൽ വന്ന് താമസിക്കണമെന്ന് ഉണ്ടായിരുന്നെന്നും എന്നാൽ തമിഴ്‌നാട്ടിലാണ് തന്റെ വേരുകളെന്നും നടി പറയുന്നു.

‘അന്നത്തെ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി എല്ലാ ഭാഷയിലും അഭിനയിക്കുമായിരുന്നു. ഷൂട്ടിങ്ങാവട്ടെ, കൂടുതലും ചെന്നൈയിലായിരുന്നു. അതിനാൽ, എല്ലാ ആർട്ടിസ്റ്റുകളും അവിടെയായിരുന്നു താമസം. ജയഭാരതി, ശാരദ, ടി.ആർ. ഓമന അങ്ങനെ എല്ലാവരും.

എന്നാൽ, നസീറും സത്യനുമെല്ലാം ഷൂട്ടിന് വരുമ്പോൾ, ചെന്നൈയിൽ ഹോട്ടൽ മുറികളിലായിരുന്നു താമസിച്ചിരുന്നത്. എനിക്ക് കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വേരുകളൊക്കെ തമിഴ്‌നാട്ടിൽ ഉറച്ചുപോയി. പിഴുതെടുത്തുകൊണ്ടുവരാൻ കഴിയില്ല,’ ഷീല കൂട്ടിച്ചേർത്തു.

Content Highlight: I got half of my salary that day, they took the rest says Sheela