2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലെ എൻജിനീയർ തേജസ് വർക്കി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.
ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് സാധിച്ചു. ടൊവിനോ തോമസിൻ്റേതായി തിയേറ്ററിൽ ഇറങ്ങിയ അവസാന സിനിമയാണ് നരിവേട്ട. ഇപ്പോൾ തനിക്ക് ചെയ്യാനാഗ്രഹമുള്ള കഥാപാത്രത്തെക്കുറിച്ചും തനിക്ക് ദേഷ്യം വരുന്ന കാര്യത്തെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ.
‘എന്റെ ആഗ്രഹം ഇപ്പോൾ ചെയ്തിട്ടുള്ളതൊന്നും അല്ലാതെ മറ്റെന്തെങ്കിലും കഥാപാത്രം ചെയ്യണമെന്നാണ്. ഞാൻ എന്നെ വെച്ച് എക്‌സ്പിരിമെന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ലിമിറ്റ് എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. അത് അറിയണമെങ്കിൽ ആ ലിമിറ്റ് വരെ നിൽക്കണം. നമ്മളാരും അവിടെ വരെ എത്താൻ പോകുന്നില്ല,’ ടൊവിനോ പറഞ്ഞു.
താൻ തന്റെ ലിമിറ്റൊക്കെ പുഷ് ചെയ്തിട്ട് ഏതുവരെ പോകാൻ പറ്റുമെന്നും എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുമാണ് ചിന്തിക്കുന്നതെന്നും താനിപ്പോഴും എക്‌സ്പ്‌ളോർ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ലൊക്കേഷനിലുള്ളവർ പണിയിൽ ഉഴപ്പുന്നത് കാണുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നും തനിക്ക് സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
ആളുകൾ അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിക്കുന്നത് നല്ല കാര്യമാണെന്നും നമുക്ക് എന്താണ് വേണ്ടത് എന്നുള്ള കാര്യത്തിൽ ഒരു ക്ലാരിറ്റി കിട്ടുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ഒരു സിനിമ കണ്ടിറങ്ങിയിട്ട് ആ സിനിമയിൽ കാണാൻ സുന്ദരനായിരുന്നു എന്നുപറയുന്നതിനേക്കാൾ, ചിത്രത്തിലെ അഭിനയം നന്നായിരുന്നു എന്നുകേൾക്കുന്നതാണ് ഇഷ്‌ടമെന്നും അദ്ദേഹം പറഞ്ഞു.
നല്ല വ്യക്തിയാണെന്ന് പറയാൻ വേണ്ടി താൻ പ്രയത്‌നിക്കുന്നില്ലെന്നും നല്ല നടനാണെന്ന് പറയാൻ വേണ്ടിയിട്ടാണ് താൻ പ്രയത്‌നിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസിസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
Content Highlight: I get angry when I see people on location doing that says Tovino Thomas