ഇന്ത്യാ സഖ്യമൊക്കെ ദല്‍ഹിയില്‍, ബംഗാളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്; മമതാ ബാനര്‍ജി
India
ഇന്ത്യാ സഖ്യമൊക്കെ ദല്‍ഹിയില്‍, ബംഗാളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്; മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 9:11 pm

കൊല്‍ക്കത്ത: പശ്ചമി ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും എിതിരെ മമത ബാനര്‍ജി. ഇന്ത്യാ മുന്നണി രൂപീകരിച്ചത് താനാണെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും പിന്തുണക്കരുതെന്ന് മമത പറഞ്ഞു.

രണ്ട് പാര്‍ട്ടികളും ബി.ജെ.പിയുടെ ഏജന്റുമാരാണെന്നും മമത കൂട്ടിച്ചേർത്തു. മുര്‍ഷിദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.

‘ബംഗാളില്‍ ഇന്ത്യാ സഖ്യമില്ല. കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയുടെ ഏജന്റുമാരാണ്. അതിനാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും പിന്തുണക്കരുത്,’ മമത പറഞ്ഞു.

പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനും അതിന് പേര് നല്‍കുന്നതിനും താനും ഭാഗമായിരുന്നു. ബംഗാളില്‍ ഇന്ത്യാ സഖ്യം ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ല. ഇന്ത്യാ മുന്നണി ദല്‍ഹിയില്‍ മാത്രമാണ് ഉള്ളത്. ബംഗാളില്‍ ഇന്ത്യാ സഖ്യം ഇല്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിനും സി.പി.ഐക്കും അനുകൂലമായി വോട്ട് ചെയ്യരുതെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. പിന്നാലെ ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് മമത അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പവും കോണ്‍ഗ്രസിനൊപ്പവും മത്സരിക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം അറിയിച്ചെങ്കിലും മമത ബാനര്‍ജി ഇതില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

Content Highlight: ‘I formed INDIA alliance, don’t cast your vote in favour of Congress’: Mamata Banerjee