മമ്മൂക്ക അയച്ച മെസേജ് കണ്ടപ്പോൾ പുരസ്‌കാരം കിട്ടിയ പ്രതീതി, അദ്ദേഹം സിനിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നു: വിനേഷ് വിശ്വനാഥ്
Malayalam Cinema
മമ്മൂക്ക അയച്ച മെസേജ് കണ്ടപ്പോൾ പുരസ്‌കാരം കിട്ടിയ പ്രതീതി, അദ്ദേഹം സിനിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നു: വിനേഷ് വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 6:24 pm

വിദ്യാലയങ്ങളില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയില്‍ എത്തിയ ശേഷം സിനിമ ചര്‍ച്ചയായി. കേരളവും കടന്ന് അന്യസംസ്ഥാനം വരെ ആ സിനിമയും പശ്ചാത്തലവും ചര്‍ച്ചയായി. ഇപ്പോള്‍ മമ്മൂട്ടിയെക്കുറിച്ചും അജു വര്‍ഗീസിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ വിനേഷ് വിശ്വനാഥ്.

‘മമ്മൂക്ക സിനിമ കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമ കാണണമെന്ന് പറഞ്ഞ് ഞാന്‍ മുന്‍പ് അദ്ദേഹത്തിന് മെസേജ് ഇട്ടിരുന്നു. അന്ന് ബെസ്റ്റ് വിഷസ് എന്ന് അദ്ദേഹം മറുപടിയും നല്‍കി. ഈയടുത്താണ് അജുച്ചേട്ടന്‍, അദ്ദേഹം അയച്ച മെസേജ് കാണിച്ചുതരുന്നത്. ഒരു പുരസ്‌കാരം കിട്ടിയ പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്. യുട്യൂബിലെ കണ്ടന്റ് ധാരാളമായി കാണുന്നയാളാണല്ലോ മമ്മൂക്ക. പുതിയ കാര്യങ്ങളിലൊക്കെ അദ്ദേഹം അപ്‌ഡേറ്റഡാണ്. പുതിയ ആളുകളെ ശ്രദ്ധിക്കുന്ന വ്യക്തിയാണ്. ഞങ്ങളുടെ പടം കണ്ട് ഇഷ്ടമായെന്ന് അറിയിച്ചതില്‍ ഒരുപാട് സന്തോഷം,’ വിനേഷ് വിശ്വനാഥ് പറയുന്നു.

ആദ്യമായി തങ്ങള്‍ കഥ പറയുന്നത് അജു വര്‍ഗീസിനോട് ആണെന്നും നിര്‍മാതക്കളിലേക്ക് എത്തിച്ചത് അദ്ദേഹമാണെന്നും വിനേഷ് പറഞ്ഞു. പതിനാറോളം നിര്‍മാതാക്കളോട് കഥ പറഞ്ഞിരുന്നെന്നും ഷൂട്ടിന്റെ സമയത്തും പ്രമോഷന്റെ സമയത്തും ഒക്കെ അജു വര്‍ഗീസ് ഒപ്പമുണ്ടായിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഗംഭീര നടന്‍ എന്നപോലെ അതിഗംഭീര പ്രൊഫഷണല്‍ കൂടിയാണ് അജുവെന്നും സൈജു കുറുപ്പ് ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കൊപ്പം ആദ്യസിനിമ ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

‘തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓഡിഷന്‍ നടത്തിയാണ് ചിത്രത്തിലെ കുട്ടിത്താരങ്ങളെ തെരഞ്ഞെടുത്തത്. സാം ജോര്‍ജ് എന്ന ആക്ടിങ് ട്രെയിനറാണ് ഓഡിഷന് നേതൃത്വം നല്‍കിയത്. ഓഡിഷനായി ഒരുപാട് കുട്ടികള്‍ എത്തിയിരുന്നു. തെരഞ്ഞെടുത്ത കുട്ടികളെവെച്ച് ഒരു ആക്ടിങ് ക്ലാസ് തിരുവനന്തപുരത്ത് നടത്തി. ഇവിടത്തെ സ്ലാങ് ഒക്കെ പഠിപ്പിക്കണമായിരുന്നു. ട്രെയ്‌നിങ്ങാണെന്ന് കുട്ടികള്‍ മനസിലാക്കാത്ത രീതിയിലായിരുന്നു ക്ലാസുകള്‍. ട്രെയ്‌നിങ് കഴിഞ്ഞതോടെ അവെര വെച്ച് ഷൂട്ട് ചെയ്യാന്‍ എനിക്ക് കുറച്ചകൂടി എളുപ്പമായി,’ വിനേഷ് പറയുന്നു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ശ്രീക്കുട്ടന്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തം അധ്യാപകനില്‍ നിന്നും നേരിട്ട അവഗണനയും അമര്‍ഷവുമാണ് സിനിമയുടെ പശ്ചാത്തലം. ബാക്ക് ബെഞ്ച് എന്ന സങ്കല്‍പ്പത്തെ മാറ്റിമറിച്ചുകൊണ്ട് ക്ലൈമാക്സില്‍ സമത്വത്തിനായി നടപ്പിലാക്കിയ സീറ്റിങ് അറേജ്മെന്‍സ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അര്‍ധ വൃത്താകൃതിയില്‍ സീറ്റിട്ട് അധ്യാപകന്‍ നടുക്ക് നില്‍ക്കുന്ന രീതിയിലുള്ള ക്ലാസ് റൂം ആണ് സിനിമയില്‍ കാണിക്കുന്നത്. ഇത് കേരളത്തിന് പുറമെ തമിഴ്നാട്, ബംഗാള്‍, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ മാറ്റം വരുത്തി.

Content Highlight: I felt like I had received an award when I saw the message sent by Mammootty says Vinesh Viswanath