മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മമിത ബൈജു.

ഖോ ഖോ, ഓപ്പറേഷന്‍ ജാവ, പ്രണയവിലാസം തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും സൂപ്പര്‍ശരണ്യയിലെ സോന എന്ന എന്ന കഥാപാത്രമാണ് മമിതയെ കൂടുതല്‍ പോപ്പുലറാക്കിയത്.

പിന്നാലെ എത്തിയ പ്രേമലു മമിതയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച വമ്പന്‍ ബ്ലോക്ക് ബസ്റ്ററായി. ഇതിനിടെ തമിഴിലും താരം സജീവമായി. ആദ്യ ചിത്രമായ റെബലിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. വിജയ്‌ക്കൊപ്പം എത്തുന്ന ജനനായകന്‍ മമിതയുടെ കരിയറിലെ അടുത്ത വഴിത്തിരിവായി. ചിത്രം ഈ മാസം 24 ന് തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.

കരിയറിന്റെ തുടക്കത്തെ കുറിച്ചും സൂപ്പര്‍ശരണ്യ സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജെ.എഫ്.ഡബ്ല്യൂ ബിഞ്ചിന് നല്‍കിയ അഭിമുഖത്തില്‍ മമിത.

മമിത ബൈജു Photo: JFW Binge/Screen Grab

സൂപ്പര്‍ശരണ്യയുടെ സെറ്റില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെപ്പോലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമൊക്കെ താനും കൂടുമായിരുന്നെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും അന്ന് അത്രയും താല്പര്യമായിരുന്നെന്നും മമിത പറയുന്നു.

‘കൊച്ചി സ്ലാംങ്ങാണ് ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. എന്റെ ആഗ്രഹം പോലെ തന്നെ ഒരു സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് ഞാന്‍ ചെയ്ത സിനിമയാണ് സൂപ്പര്‍ ശരണ്യ. അതുകൊണ്ട് തന്നെ അതെനിക്ക് വലിയ ത്രില്ലായിരുന്നു.

മമിത ബൈജു Photo: OTT Play

സെറ്റില്‍ എനിക്ക് ഷൂട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാന്‍ അവിടെ പോയി ഇരിക്കും. ഞാന്‍ ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്യട്ടെയെന്ന് അസിസ്റ്റന്റ് ഡയറക്ടറുടെ അടുത്ത് പോയി ചോദിച്ചിട്ട് ഞാന്‍ ക്രൗഡിനെയൊക്കെ മാനേജ് ചെയ്യുമായിരുന്നു. അതൊക്കെ എനിക്ക് പുതിയ പാഠമായിരുന്നു. കാരണം എനിക്ക് അതിനോട് അത്രയും താല്പര്യമായിരുന്നു.

സിനിമയുടെ നിര്‍മാണ രീതിയും പുതിയ പാഠങ്ങളും പഠിക്കാന്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല അനശ്വര, റോസ്‌ന, ദേവിക ഇവരൊക്കെയായി നല്ല സൗഹൃദം ഉണ്ടാക്കാനുംപറ്റി,’ മമിത പറഞ്ഞു.

കരിയറില്‍ വലിയ മാറ്റമുണ്ടാക്കിയ സിനിമയാണ് പ്രേമലു എന്നും മമിത അഭിമുഖത്തില്‍ പറഞ്ഞു. എന്റെ കരിയറില്‍ ‘പ്രേമലു’ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്. ഒരുപാട് അവസരങ്ങള്‍ എനിക്ക് വന്നത് പ്രേമലുവിന് ശേഷമാണ്. തമിഴിലും തെലുങ്കിലും നിന്നെല്ലാം എനിക്ക് ഓഫറുകള്‍ വന്നുകൊണ്ടേയിരുന്നു.

സൂപ്പര്‍ശരണ്യ Photo: OTT Play

സൂപ്പര്‍ശരണ്യയ്ക്ക് ശേഷവും തമിഴില്‍ നിന്ന് ഓഫര്‍ വന്നിരുന്നു. റെബല്‍ ചെയ്യുന്നത് അങ്ങനെയാണ്. അതൊരു മലയാളി ക്യാരക്ടറുമായിരുന്നു. അതുകൊണ്ട് വലിയ ടെന്‍ഷന്‍ ഇല്ലാതെ ചെയ്യാന്‍ പറ്റി,’ താരം പറഞ്ഞു.

ഖോ ഖോയ്ക്ക് ലഭിച്ച അവാര്‍ഡ് ഒരു തരത്തിലുള്ള സമ്മര്‍ദവും തന്നില്‍ ഉണ്ടാക്കിയിട്ടില്ലെന്നും ഒരു സിനിമ വലിയ ഹിറ്റായാല്‍ അടുത്ത പടവും അങ്ങനെ ഹിറ്റായില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നൊന്നും ആലോച്ചിച്ചിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: I even worked as an assistant director in Super Sharanya says Mamitha