ഞാന്‍ വിസയും കൈയില്‍ പിടിച്ച് ടിക്കറ്റിന് വേണ്ടി കാത്തിരിക്കുകയാണ്; ആര്‍ക്കും ഭാരമാകാതേ വേഗം വിളിക്കണേയെന്നാണ് പ്രാര്‍ത്ഥന: മധു
Malayalam Cinema
ഞാന്‍ വിസയും കൈയില്‍ പിടിച്ച് ടിക്കറ്റിന് വേണ്ടി കാത്തിരിക്കുകയാണ്; ആര്‍ക്കും ഭാരമാകാതേ വേഗം വിളിക്കണേയെന്നാണ് പ്രാര്‍ത്ഥന: മധു
ആര്യ.പി
Saturday, 18th July 2026, 12:09 pm

500ലേറെ സിനിമകള്‍ ചെയ്ത് മലയാള സിനിമയുടെ അഭ്രപാളിയില്‍ തിളങ്ങി നിന്ന നടനാണ് മധു. അഭിനേതാവ്, സംവിധാനം, നിര്‍മാണം, സ്റ്റുഡിയോ തുടങ്ങി സിനിമയുടെ സകലമേഖലയിലും വിജയിച്ച വ്യക്തി.

1962 ല്‍ രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് മധു മലയാളത്തിന്റെ അഭ്രപാളിയിലെത്തുന്നത്. എന്നാല്‍ ആദ്യം പുറത്തിറങ്ങിയത് എന്‍.എന്‍. പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആണ്. നസീറിനും സത്യനുമൊപ്പം, ദീര്‍ഘകാലം മലയാള സിനിമയുടെ അമരത്തിരിക്കാന്‍ അദ്ദേഹത്തിനായി.

1960 കളിലും 70 കളിലും 80 കളിലും മലയാള സിനിമയില്‍ സജീവമായ മധു ഒടുവില്‍ അഭിനയിച്ച ചിത്രം മമ്മൂട്ടി നായകനായ വണ്‍ ആണ്. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനില്‍ക്കുന്ന അദ്ദേഹം വിശ്രമജീവിതത്തിലാണ്.

മരണത്തെ കുറിച്ചും ഇന്ന് ഒപ്പമില്ലാത്ത തന്റെ സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ മധു.

മനസില്‍ മരണഭയമുണ്ടോ എന്ന ചോദ്യത്തിന് ഒരു ഭയവും ഇല്ലെന്നും എത്രയും വേഗം അവിടേക്ക് വിളിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നുമായിരുന്നു മധുവിന്റെ മറുപടി.

‘ മരണത്തെ കുറിച്ച് ഭയമൊന്നുമല്ല, ഞാന്‍ ദിവസവും ഈശ്വരന്റെ അടുത്ത പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ് അങ്ങ് വിളിപ്പിക്കണേ എന്ന്. ഞാന്‍ വിസയും കൈയില്‍ പിടിച്ച് ടിക്കറ്റിന് വേണ്ടി കാത്തിരിക്കുകയാണ്.

നമ്മള്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. നമ്മള്‍ വളരെ ആക്ടീവ് ആയിരിക്കുന്നത് വരെ മാത്രം ജീവിക്കുക. അല്ലാതെ ചുമ്മാ ജീവിക്കുന്നത് ഭൂമിക്ക് ഭാരമാണ്, നമുക്കൊരു ബുദ്ധിമുട്ടും. കാലിന് വേദന, നടക്കാന്‍ വയ്യ, ആരെങ്കിലും പിടിക്കണം, മറ്റുള്ളവര്‍ക്ക് ഉപദ്രവമായി മാറുകയാണ്,’ മധു പറഞ്ഞു.

‘ദീര്‍ഘായുസ്സ് എന്നത് ഒരു ശാപമാണ്. അതിനെ കുറിച്ചൊരു കഥയുണ്ട്. പണ്ടൊരു രാജാവ്, അദ്ദേഹം നിരീശ്വര വാദിയായിരുന്നു. അവിടെയുള്ള അമ്പലങ്ങളും മഠങ്ങളുമെല്ലാം അദ്ദേഹം നശിപ്പിച്ചു. ഇതിനിടയില്‍ ഒരു സന്യാസി ഒരു കാട്ടില്‍ ആശ്രമമുണ്ടാക്കി. അവിടെ ശിഷ്യരൊക്കെയുണ്ട്. ഇത് അറിഞ്ഞ രാജാവ് പരിവാരങ്ങളുമായി കാട്ടിലെത്തി അദ്ദേഹത്തെ ഓടിച്ചു.

രാജാവ് അയാളെ തല്ലി. അപ്പോള്‍ അയാള്‍ ആയുഷ്മാന്‍ ഭവ എന്ന് പറഞ്ഞ് ശപിച്ചു. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അങ്ങയുടെ ആയുസ് വര്‍ധിക്കട്ടെയെന്ന് ശപിച്ചതാണെന്ന് പറഞ്ഞു. രാജാവിന് സന്തോഷമായി. ഇത്രയും ഉപദ്രവിച്ചിട്ടും ഇങ്ങനെയാണല്ലോ ശപിച്ചത് എന്ന് തോന്നി. ഉപദ്രവം നിര്‍ത്തി രാജാവ് തിരിച്ചുപോയി.

നീ മരിക്കാതെ കിടന്ന് ഇഴഞ്ഞ് നടന്ന് സര്‍വരീതിയിലും കഷ്ടപ്പെട്ടിട്ടേ ചാവാവൂ എന്നാണ് ആ മഹര്‍ഷി ആയുഷ്മാന്‍ഭവ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ രാജാവ് മറിച്ചാണ് ധരിച്ചത്. ഇതാണ് ആ കഥ,’ മധു പറഞ്ഞു.

പഴയ സിനിമകള്‍ ഇന്നും കാണുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് സുഹൃത്തുക്കള്‍ തന്നെയാണോ എന്ന ചോദ്യത്തിന് പഴയ സിനിമയൊക്കെ കാണുമ്പോള്‍ മനസില്‍ ദു:ഖമാണെന്നായിരുന്നു മധുവിന്റെ മറുപടി.

‘ഓരോരുത്തരെയും കാണുമ്പോള്‍ അവര്‍ മരിച്ചു പോയല്ലോ എന്ന ദുഃഖം തന്നെയാണ് മനസില്‍. ഇവരിപ്പോള്‍ കൂടെ ഇല്ലല്ലോ പൊയ്ക്കളഞ്ഞല്ലോ എന്നുള്ള ഒരു ഫീലിങ് ആയിരുന്നു.

അതിങ്ങനെ കുറേ കണ്ട് മാറി മാറി വന്നു. ഇപ്പോള്‍ സിനിമയില്‍ അവരെ കാണുമ്പോള്‍ ഒരുമിച്ച് ജീവിക്കുകയാണ് എന്നുള്ള ഒരു ഫീലിങ് ആണ്. അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു തോന്നലാണ് ആണ് എനിക്ക്. ഞാനും അവരുടെയൊപ്പമാണെന്ന് തോന്നു. സിനിമ തീരുന്നത് വരെ അവര്‍ മരിച്ചുപോയി എന്നുള്ള ഫീലിങ് ഇല്ല, അതൊരു സുഖമാണ്.’ മധു പറഞ്ഞു.

Content Highlight: I don’t want to become a burden to anyone says actor Madhu

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.