നിലപാടുകൾ തുറന്ന് സംസാരിച്ചതിനെ തുടർന്ന് സൂരജിന് പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സൂരജ് സന്തോഷ്.
‘ഞാൻ പറയുന്ന കാര്യത്തിൽ കൃത്യമായ ധാരണ എനിക്കുണ്ട്. ഞാൻ എന്താണ് പറയുന്നത് എന്നതിനെപ്പറ്റി എനിക്ക് കൃത്യമായ ധാരണയും ബോധ്യവുമുണ്ട്. ക്ലാരിറ്റിയുള്ള കാര്യങ്ങളെ ഞാൻ പറയാറുള്ളു. അതിനപ്പുറത്തേക്ക് ഒരു വിവാദമുണ്ടാക്കുന്നതിന് വേണ്ടി ഞാനൊന്നും പറയാറില്ല. അത് വിവാദമായി മാറുന്നതാണ്. ഒരു കലാകാരൻ എന്ന രീതിയിൽ സാമൂഹിക ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്,’ സൂരജ് സന്തോഷ് പറയുന്നു.
കലയിൽ രാഷ്ട്രീയം വേണോ എന്നുള്ള ചോദ്യങ്ങളൊക്കെ വളരെ അപക്വമാണെന്നും കല രാഷ്ട്രീയ ഉപാധി തന്നെയാണെന്നും സൂരജ് കൂട്ടിച്ചേർത്തു.
അതിൽ രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞാലും അതിൽ രാഷ്ട്രീയമുണ്ട്. രാജ്യത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. ആ പൗരൻ എന്ന നിലയുള്ള അവകാശമാണ് താൻ ഉപയോഗിക്കുന്നത്. തന്നെ വിമർശിക്കുന്നതിൽ തനിക്ക് കുഴപ്പമില്ല. താൻ വിമർശനത്തിന് അതീതനല്ല അദ്ദേഹം പറഞ്ഞു.
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അത് കഴമ്പില്ലാത്തതും അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുമ്പോഴുമാണ് അത് വിമർശനം അല്ലാതായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാനാണ് പഠിക്കേണ്ടതെന്നും വിയോജിപ്പുണ്ടെങ്കിലും എല്ലാവർക്കും ആശയങ്ങൾ കൊണ്ട് സംസാരിക്കാമെന്നും സൂരജ് പറയുന്നു. അത് അധിക്ഷേപത്തിന്റെ സ്വരത്തിലേക്കും അടിച്ചമർത്തലിന്റെ സ്വരത്തിലേക്കും പോകുമ്പോഴാണ് അത് പ്രശ്‌നമാകുന്നത് എന്നും സൂരജ് സന്തോഷ് കൂട്ടിച്ചേർത്തു.
ബഹുഭൂരിപക്ഷം വിയോജിക്കുമ്പോൾ അത് വർക്കിനെ ബാധിക്കാനും ബാധിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തന്റെ ലക്ഷ്യം സത്യസന്ധനായിരിക്കുക എന്നതാണെന്നും പറഞ്ഞു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു സൂരജ് സന്തോഷ്.
Content Highlight: I don’t say anything to create controversy says Sooraj Santhosh