'സിമ്പിളായിട്ടുള്ള സ്റ്റെപ് എനിക്കറിയില്ല സര്‍' 'മോനിക്ക'ക്ക് പിന്നാലെ പ്രേമത്തിലെ ശിവന്‍ സാറിനെ ഓര്‍മിപ്പിച്ച് ആരാധകര്‍
Malayalam Cinema
'സിമ്പിളായിട്ടുള്ള സ്റ്റെപ് എനിക്കറിയില്ല സര്‍' 'മോനിക്ക'ക്ക് പിന്നാലെ പ്രേമത്തിലെ ശിവന്‍ സാറിനെ ഓര്‍മിപ്പിച്ച് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 2:49 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു.

ചിത്രത്തിലെ മോനിക്കാ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പൂജ ഹെഡ്‌ഗേ അതിഥി വേഷത്തില്‍ എത്തിയ ഗാനത്തില്‍ തന്റെ ചുവടുകള്‍കൊണ്ട് സ്‌കോര്‍ ചെയ്ത സൗബിനെയാണ് പ്രേക്ഷകര്‍ കണ്ടത്. അനിരുദ്ധിന്റെ ബീറ്റുകള്‍ക്കൊപ്പം സൗബിന്റെ ചുവടുകളും ഗാനത്തെ മികച്ച അനുഭവമാക്കി മാറ്റി.
പാട്ടിന് പിന്നാലെ സൗബിന്റെ ഡാന്‍സിനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തമിഴിലെ അരങ്ങേറ്റ ചിത്രത്തില്‍ ലഭിച്ച ഫാസ്റ്റ് നമ്പര്‍ സൗബിന്‍ ഒട്ടും മോശമാക്കിയില്ലെന്ന് തന്നെ പറയാം. പൂജ ഹെഗ്ഡെയുടെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കിട്ടിയത് സൗബിന്‍ ഷാഹിറിന്റെ കിടിലം നൃത്ത ചുവടുകളായിരുന്നു.

ഇപ്പോഴിതാ ഡാന്‍സ് വൈറലായതിനു പിന്നാലെ പ്രേമത്തിലെ ശിവന്‍ സാറിനെ ഓര്‍മിപ്പിച്ച് ആരാധകര്‍ എത്തിയിരിക്കുന്നു. സൗബിന്‍ ഷാഹിര്‍ ശിവന്‍ സാറിന്റെ വേഷത്തില്‍ എത്തിയ പ്രേമവുമായി താരതമ്യം ചെയ്ത് ആരാധകര്‍ സൗബിന്റെ പ്രകടനത്തെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്.

സൗബിന്‍ ഷാഹിറിന്റെ ശിവന്‍ സര്‍ വിമല്‍ സാറിനോട് (വിനയ് ഫോര്‍ട്ട്) സിമ്പിളായിട്ടുള്ള സ്റ്റെപ് എനിക്ക് അറിയില്ല സാര്‍, എന്ന് പറയുന്ന രംഗമാണ് സോഷ്യല്‍ മീഡിയയിലെ മീമുകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വത്തിലെ ‘പറുദീസ’ എന്ന ഗാനത്തിലെ സൗബിന്റെ ചുവടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content highlight:  ‘I don’t know the simple step, sir’ Fans remind Soubin Shahir Sivan sir of Premam after ‘Monica’ song