ജയ്ശ്രീറാം വിളി കേൾക്കുന്നത് ഒരാളെ തല്ലിക്കൊല്ലുമ്പോൾ; മര്യാദരാമനായ ശ്രീരാമനെ എനിക്കറിയില്ല: വേടന്‍
Kerala News
ജയ്ശ്രീറാം വിളി കേൾക്കുന്നത് ഒരാളെ തല്ലിക്കൊല്ലുമ്പോൾ; മര്യാദരാമനായ ശ്രീരാമനെ എനിക്കറിയില്ല: വേടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th June 2025, 1:46 pm

കൊച്ചി: ക്ലാസ് മുറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് ജാതി വിവേചനം കൂടുതലായും നേരിട്ടിരിക്കുന്നതെന്ന് ഹിരണ്‍ദാസ് മുരളി (വേടന്‍). താന്‍ വേട്ട ചെയ്യുന്നവനും വേട്ട ചെയ്യപ്പെട്ടവനാണെന്നും വേടന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയില്‍ കോഫി വിത്ത് അരുണില്‍ സംസാരിക്കുകയായിരുന്നു വേടന്‍.

രാവണനെ കൊല്ലുന്നതില്‍ നീതികേടുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും രാമനെ തനിക്കറിയില്ലെന്നും വേടന്‍ പറഞ്ഞു.

‘ഞാന്‍ ഒരു വിശ്വാസിയല്ല. ഞാന്‍ ജയ് ശ്രീറാം വിളികള്‍ കേട്ടിട്ടുള്ളത് ചിലര്‍ ഒരാളെ കൊല്ലാനോ ഉപദ്രവിക്കാനോ എല്ലാം പോകുമ്പോഴാണ്. എനിക്കതിനെ അങ്ങനെയേ കാണാന്‍ കഴിയുകയുള്ളു. ആര്‍.എസ്.എസിന്റെ ദണ്ഡകൊണ്ടുള്ള ആദ്യത്തെ അടി വീണിരിക്കുന്നത് മുസ്‌ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ദേഹത്തല്ല, ദളിതന്റെ ശരീരത്തിലാണ്. അതിന്റെ വേദന ഇപ്പോഴും എന്റെ ദേഹത്തുണ്ടാകില്ലേ? അതുകൊണ്ട് തന്നെ നമുക്ക് ഇതിനെ കുറിച്ചെല്ലാം സംസാരിക്കാതിരിക്കാന്‍ കഴിയില്ല?,’ വേടന്‍ പറഞ്ഞു.

ശരണ്‍ കുമാര്‍ ലിംബാളെയെ ഉദ്ധരിച്ച് ബുഹാരി കോളേജ് ഫെസ്റ്റിവലില്‍ അധ്യാപകനും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായജംഷീദ് അലി നടത്തിയ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയായിരുന്നു വേടന്റെ പ്രതികരണം.

തന്റെ എഴുത്തുകളിലും പാട്ടുകളിലും ആരെങ്കിലുമൊക്കെ അസ്വസ്ഥതരാകുന്നുണ്ടെങ്കില്‍ സന്തോഷമേയുളൂവെന്നും വേടന്‍ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.എന്‍.എയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും വേടന്‍ പറഞ്ഞു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറയുന്നവരെല്ലാം ഉണ്ട്. തൃശൂരുകാര്‍ക്ക് തെറ്റുപറ്റി. ഇത്തരക്കാരോട് ഒരേസമയം പേടിയും സഹതാപവുമാണ് തോന്നുന്നത്. കാരണം, നമ്മള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പിറവിയാല്‍ താന്‍ ഉന്നതനാണെന്ന് എങ്ങനെയാണ് ഒരാള്‍ ചിന്തിക്കുന്നതെന്നും വേടന്‍ ചോദിക്കുന്നു.

‘വാ’ എന്ന ട്രാക്കാണ് അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ നല്‍കാന്‍ കഴിഞ്ഞ ഏറ്റവും വലിയ ട്രിബ്യൂട്ടെന്നും വേടന്‍ പറഞ്ഞു. താന്‍ കാരണം വേദനിക്കപ്പെട്ടവരോട് നടത്തിയ ക്ഷമാപണം മനസില്‍ നിന്ന് ഉണ്ടായതാണെന്നും മീറ്റു ആരോപണങ്ങളില്‍ പ്രതികരിച്ചുകൊണ്ട് വേടന്‍ പറഞ്ഞു.

അംബേദ്ക്കറിന്റെയും അയ്യങ്കാളിയുടെയും പേരുകള്‍ കേള്‍ക്കുന്നത് വല്ലാത്തൊരു ഊര്‍ജമാണ് തനിക്ക് നല്‍കുന്നതെന്നും വേദിയില്‍ പാട്ട് പാടുമ്പോള്‍ കുട്ടികളെ കൊണ്ട് നാലഞ്ച് തവണ അയ്യങ്കാളിയെന്നെല്ലാം ആവര്‍ത്തിച്ച് പറയിപ്പിക്കുമെന്നും വേടന്‍ പറഞ്ഞു. അവര്‍ വെട്ടിത്തന്ന വഴിയിലൂടെയാണ് ഞാന്‍ നടക്കുന്നത്. ആ വഴിയിലൂടെ നടക്കുക എന്ന കടമ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും വേടന്‍ പറയുന്നു.

പണ്ട് സുഹൃത്തുക്കളോട് ‘നിങ്ങള്‍ നോക്കിക്കോ, ഞാന്‍ മരിച്ച് പോകുമ്പോഴെങ്കിലും എന്നെ കുറിച്ച് പത്താം ക്ലാസിലെ കുട്ടികള്‍ പഠിച്ചിരിക്കും’ എന്ന് പറയാറുണ്ടെന്നും വേടന്‍ പറഞ്ഞു. കാലിക്കറ്റ്-കണ്ണൂര്‍ സര്‍വകലാശാലകളിലെ സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയില്‍ പ്രതികരിക്കുകയായിരുന്നു വേടന്‍.

പത്താം ക്ലാസ് വരെ കൃത്യമായി പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്ലസ് വണ്ണിന് മോഡല്‍ ബോയ്സില്‍ ചേര്‍ന്നെങ്കിലും ജീവിതസാഹചര്യങ്ങള്‍ക്ക് കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും വേടന്‍ പറയുന്നു. തന്റെ ചുറ്റുപാടാണ് ലഹരിയിലേക്ക് എത്തിച്ചതെന്നും താന്‍ ജനിച്ച് വളര്‍ന്നയിടങ്ങളില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് അന്നന്നത്തെ ഭക്ഷണത്തിന് ഒരു വക കണ്ടെത്തുക എന്നതിലുപരി തന്റെ മക്കള്‍ എന്താണ് ചെയ്യുന്നത്. എന്താണ് ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കാന്‍ നേരമുണ്ടാകില്ലെന്നും വേടന്‍ പറഞ്ഞു.

ലഹരി ഉപയോഗിച്ചാല്‍ ഊര്‍ജവാനായി ഇരിക്കാന്‍ കഴിയില്ലെന്നും നല്ല സുഹൃത്തുക്കളാണ് വേണ്ടതെന്നും, ഫോണ്‍ ഉപയോഗം കുറച്ച് മൈതാനത്തിറങ്ങി കളിക്കണമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ജാതി ഭീകരവാദി, വിഘടനവാദി എന്നെല്ലാമാണ് തന്നെ കുറിച്ച് പലരും പറയുന്നത്. എന്നാല്‍ താന്‍ സമത്വവാദിയാണെന്നും സമൂഹത്തില്‍ സമത്വം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വേടന്‍ പറഞ്ഞു.

തന്നെ ജാതി ഭീകരവാദി എന്ന് പറയുന്നവര്‍ നടത്തുന്നത് വിടുവായത്തരമാണെന്നാണ് മനസിലാക്കുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: I don’t even know the polite Lord Rama: Rapper Vedan