ടെന്‍ഷന്‍ കുറയ്ക്കാനാണ് കോമഡി വീഡിയോകള്‍ ചെയ്യുന്നത്, ഓവര്‍ ആക്ടിങ് ആണെന്ന വിമര്‍ശനത്തിന് മറുപടിയുണ്ട്: അഖില്‍ എന്‍.ആര്‍.ഡി
Malayalam Cinema
ടെന്‍ഷന്‍ കുറയ്ക്കാനാണ് കോമഡി വീഡിയോകള്‍ ചെയ്യുന്നത്, ഓവര്‍ ആക്ടിങ് ആണെന്ന വിമര്‍ശനത്തിന് മറുപടിയുണ്ട്: അഖില്‍ എന്‍.ആര്‍.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd July 2026, 2:43 pm

കോമഡി വീഡിയോകളിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെതായ ഇടം കണ്ടെത്തിയ കോണ്‍ടെന്റ് ക്രിയേറ്ററാണ് അഖില്‍ എന്‍.ആര്‍.ഡി.

സാമൂഹ്യമാധ്യമങ്ങളില്‍ അഖിലിന് നിരവധി ആരാധകരുമുണ്ട്. എന്നാല്‍ വളരെ അധികം ടെന്‍ഷന്‍ അടിച്ചുകൊണ്ടാണ് വീഡിയോകള്‍ ചെയ്യുന്നത് എന്ന് പറയുകയാണ് അഖില്‍. തന്റെ പുതിയ സിനിമയായ ‘മഹാരാജ ഹോസ്റ്റലിന്റെ’ പ്രമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

കോമഡി വീഡിയോകള്‍ ചെയ്യുന്നത് വളരെ ടെന്‍ഷന്‍ അടിച്ചുകൊണ്ടാണ്. കുട്ടിക്കാലം മുതല്‍ തന്നെ സ്റ്റേജില്‍ കയറാന്‍ പേടിയുള്ള ആളാണ് ഞാന്‍. വളരെ പെട്ടെന്ന് തന്നെ കോണ്‍ഷ്യസ് ആകും. കുട്ടിക്കാലത്ത് സ്റ്റേജില്‍ കയറാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പേടി കാരണം അത് സാധിച്ചിരുന്നില്ല. ഉള്ളിലെ പേടി മാറ്റാന്‍ വേണ്ടിയാണ് വീഡിയോ ചെയ്ത് തുടങ്ങിയത്. വീഡിയോ ചെയ്യാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷത്തോളമായി. എന്നാല്‍ ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പേടിയാണ് എന്നും അഖില്‍ പറഞ്ഞു.

‘വീഡിയോ ചെയ്യുന്നത് ആഗ്രഹത്തിന്റെ പുറത്താണ്. ഞാന്‍ വീഡിയോ ചെയ്തു തുടങ്ങിയ സമയത്തെ ട്രെന്‍ഡ് എന്നത് വളരെ എനര്‍ജിറ്റിക് ആയി വീഡിയോ ചെയ്യുക എന്നതായിരുന്നു. കുറച്ച് ഓവര്‍ ആയി ചെയ്താല്‍ മാത്രമേ വീഡിയോ ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നുള്ളൂ. ആ ട്രെന്‍ഡില്‍ നിന്ന് വന്നത് കൊണ്ട് തന്നെ ഇപ്പോള്‍ ഓവര്‍ആക്ടിങ് എന്ന് പറയുന്നവരുണ്ട്. എന്നാല്‍ എന്റെ സ്‌ട്രെസ് കുറക്കുന്നതിനുള്ള ഒരു ഉപാധി ആയിട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്’ അഖില്‍ എന്‍.ആര്‍.ഡി പറഞ്ഞു.

അഖില്‍ എന്‍.ആര്‍.ഡി photo: Instagram

ടെന്‍ഷന്‍ കാരണം വീഡിയോക്ക് പലതവണ ടേക്കുകള്‍ എടുക്കേണ്ടി വരാറുണ്ട്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന തോന്നാല്‍ ആണ് അതിന് കാരണം. മനസിന് സംതൃപ്തി ലഭിക്കുന്നത് വരെ വീഡിയോക്ക് ഇപ്പോഴും ടേക്കുകള്‍ എടുക്കാറുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ ചിരിപ്പിക്കുന്ന ഒരാളോ കൗണ്ടര്‍ പറയുന്ന ഒരു വ്യക്തിയോ ആയിരുന്നില്ല. എന്റെ കോമഡി ആര്‍ക്കും മനസിലാക്കാന്‍ പറ്റില്ലായിരുന്നു. വീട്ടുകാര്‍ക്ക് പോലും എന്റെ തമാശകള്‍ മനസിലാക്കാന്‍ പ്രയാസമായിരുന്നു. തമാശ എന്താണ് എന്ന് വിശദീകരിച്ച് കൊടുക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

ചിരിക്കാനുള്ള അവസരം ഉണ്ടാകുക എന്നതാണ് ഇന്നത്തെ കാലത്തെ പ്രധാന ആവശ്യം. അങ്ങനെയാണ് കോമഡി വീഡിയോകള്‍ ചെയ്തു തുടങ്ങിയത്. പക്ഷെ തമാശ വീഡിയോകള്‍ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പല വീഡിയോകളും ആളുകള്‍ക്ക് കണക്ട് ആയികൊള്ളണമെന്നില്ല. പക്ഷെ പ്രക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴും വീഡിയോകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും അഖില്‍ പറഞ്ഞു.

അഖില്‍ എന്‍.ആര്‍.ഡി, അഖില്‍ ഷാ, ശരത്, സന്ദീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹൊറര്‍-കോമഡി ഴോണറില്‍ ഒരുങ്ങുന്ന ‘മഹാരാജ ഹോസ്റ്റല്‍’ ജൂലൈ 24 ന് തിയേറ്ററുകളിലെത്തും.

Content Highlight: I do comedy videos to reduce tension says Akhil NRD