നിവിൻ പോളിയെന്ന് ഞാൻ പറഞ്ഞിട്ടില്ല, മറ്റുള്ളവർ പറയുന്നതിന് എനിക്കൊന്നും ചെയ്യാൻ പറ്റില്ല: ലിസ്റ്റിൻ സ്റ്റീഫൻ
Entertainment news
നിവിൻ പോളിയെന്ന് ഞാൻ പറഞ്ഞിട്ടില്ല, മറ്റുള്ളവർ പറയുന്നതിന് എനിക്കൊന്നും ചെയ്യാൻ പറ്റില്ല: ലിസ്റ്റിൻ സ്റ്റീഫൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 8:59 am

മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന പ്രസ്താവന ലിസ്റ്റിൻ ഉന്നയിച്ചതിനുപിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ച ആ നടൻ ആരാണെന്നായിരുന്നു. അത് നിവിൻ പോളിയാണെന്നടക്കമുള്ള ആരോപണങ്ങൾ പുറത്ത് വന്നിരുന്നു.

ഇതിനുപിന്നാലെ തന്നെ നിർമാതാവ് സാന്ദ്രാ തോമസും ലിസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു. സിനിമ സംഘടനകളുടെ പ്രധാന്യം സിനിമയ്ക്കകത്ത് നടക്കുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണെന്നും എന്നാൽ ലിസ്റ്റിൻ നടത്തിയ പ്രസ്താവന മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നുമാണ് സാന്ദ്രാ തോമസ് അഭിപ്രായപ്പെട്ടത്.

എന്നാൽ ഇപ്പോൾ താൻ നിവിൻ പോളിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് പ്രതികരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. മനോരമ ന്യൂസിനോടാണ് ലിസ്റ്റിൻ പ്രതികരിച്ചത്. മറ്റുള്ളവര്‍ പറയുന്നതിന് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾക്ക് തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ബോധ്യത്തോട് കൂടിയാണ് പറഞ്ഞതെന്നും ലിസ്റ്റിൻ മറുപടി പറഞ്ഞു.

നടൻ്റെ പേര് പറയാത്തത് സിനിമാ വ്യവസായത്തിൽ നടന്‍മാര്‍ക്കാണ് ഫാന്‍സെന്നും നിര്‍മാതാവിന് പാൻ്റേയുള്ളുവെന്നും ദുര്‍ബലമാകുന്നത് കാര്യങ്ങൾ പറയുന്ന പ്രൊഡ്യൂസറാണെന്നും ലിസ്റ്റിൻ പ്രതികരിച്ചു.

‘നിവിന്‍ പോളിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ പറയുന്നതിന് എനിക്കൊന്നും ചെയ്യാനായിട്ട് പറ്റത്തില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എനിക്ക് ഉത്തരവാദിത്തം ഉണ്ട്. ഞാന്‍ നല്ല ബോധ്യത്തോട് കൂടിയാണ് അതുപറഞ്ഞത്. നിവിന്‍ പോളിയാണെന്ന് ധരിക്കുന്നത് എന്തിനാണ്. ഞാന്‍ വേറെയും സിനിമകള്‍ ചെയ്യുന്നുണ്ട്. എനിക്കറിയാലോ ആ ഇഷ്യൂ എന്താണെന്ന്, ആ നടന് അറിയാലോ, എന്റെ ഒപ്പം ഉള്ളവര്‍ക്ക് അറിയാമല്ലോ,

ഞാന്‍ നടന്റെ പേര് പറയാത്തത് സിനിമ എന്നുപറയുന്ന വ്യവസായത്തില്‍ നടന്‍മാര്‍ക്കാണ് ഫാന്‍സ്. നിര്‍മാതാവിന് ഫാന്‍സില്ലല്ലോ പാൻ്റേയുള്ളു. നടന്റെ പേര് പറഞ്ഞാല്‍ എന്തുവേണമെങ്കിലും എഴുതി വിടാം. അവിടെ ദുര്‍ബലമാകുന്നത് കാര്യങ്ങൾ പറയുന്ന പ്രൊഡ്യൂസറാണ്,’ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Content Highlight: I didn’t say Nivin Pauly’s Name, I can’t do anything about what others say: Listin Stephen