തന്ത പണി നിര്‍ത്താമെന്ന് ഞാന്‍ തീരുമാനിച്ചു; ക്ലൈമാക്‌സില്‍ അടിപിടിയുണ്ടാക്കാന്‍ വേണ്ടിയൊരു തന്ത; തീരുമാനം മാറ്റിച്ചത് മമ്മൂട്ടി: മധു
Malayalam Cinema
തന്ത പണി നിര്‍ത്താമെന്ന് ഞാന്‍ തീരുമാനിച്ചു; ക്ലൈമാക്‌സില്‍ അടിപിടിയുണ്ടാക്കാന്‍ വേണ്ടിയൊരു തന്ത; തീരുമാനം മാറ്റിച്ചത് മമ്മൂട്ടി: മധു
ആര്യ.പി
Saturday, 18th July 2026, 1:03 pm

സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനം എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മധു. മമ്മൂട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ തീരുമാനം മാറ്റി വണ്‍ എന്ന സിനിമയുടെ ഭാഗമായതെന്നും മധു പറയുന്നു.

അതിന് മുന്‍പ് ലൂസിഫറില്‍ അഭിനയിക്കാമെന്ന് താന്‍ ഏറ്റിരുന്നെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് അത് നടക്കാതെ പോയതെന്നും മധു പറയുന്നു.

ക്ലൈമാക്‌സില്‍ അടിപിടിയുണ്ടാക്കാന്‍ വേണ്ടിയൊരു തന്ത കഥാപാത്രത്തെയാണ് പലര്‍ക്കും വേണ്ടതെന്നും തന്ത പണി നിര്‍ത്താമെന്ന് അതോടെ താന്‍ തീരുമാനിച്ചെന്നും മധു പറയുന്നു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മധു.

‘സിനിമാഭിനയം നിര്‍ത്തിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വണ്ണില്‍ അഭിനയിക്കുന്നത്. ലൂസിഫറില്‍ ഒരു ക്യാരക്ടര്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. പൃഥവിരാജ് ഇവിടെ വന്ന് സംസാരിച്ച് സമ്മതിപ്പിച്ചതാണ്. ഡേറ്റ് എല്ലാം കൊടുത്തപ്പോള്‍ എനിക്ക് ഒരു
വീഴ്ച സംഭവിച്ചു. പോകാന്‍ പറ്റാതായി.

എന്റെ മനസ്സില്‍ നിന്ന് ആരോ ‘നിര്‍ത്തെടാ’ എന്ന് പറയുന്നതായി തോന്നി. അഭിനയം മതി എന്നൊരു തോന്നല്‍ ഉണ്ടായി. അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല.

കാരണം എന്താണെന്ന് വെച്ചാല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ വരുന്നതെല്ലാം അച്ഛന്റെ റോള്‍ മാത്രം. ഈ റോളിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല പടത്തില്‍. ക്യാരക്ടര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഇന്ന ആളുടെ തന്ത, ഇന്ന ആളുടെ തന്ത, ഇന്ന ആളുടെ തന്ത എന്നാണ് പറയുക. അപ്പോഴേ ഈ തന്ത പണി മതി എന്ന് മനസ്സില്‍ ഉണ്ടായിരുന്നു.

മധു photo: Editoreal

എന്തിനാ ഈ തന്ത എന്ന് പറഞ്ഞാല്‍, ഈ തന്തയെ വില്ലന്മാരെ അടിച്ചു കൊല്ലുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തു കഴിയുമ്പോള്‍ ഹീറോയ്ക്ക് അവസാനം കേറി ഫൈറ്റ് ചെയ്ത് അവന്മാരെ എല്ലാം അടിച്ചിട്ട് കൈയടി വാങ്ങി പടം തീര്‍ക്കണം.

അപ്പോള്‍ ഈ ഹീറോയ്ക്ക് ക്ലൈമാക്‌സില്‍ അടിപിടി ഉണ്ടാക്കാന്‍ വേണ്ടിയിട്ട് ഒരു തന്ത. ഇതല്ലാം കൂടെ മനസ്സില്‍ ഉണ്ടായിട്ട് നിര്‍ത്താമെന്ന് തോന്നിക്കൊണ്ടിരുന്ന ആ സമയത്ത് തന്നെ ഈ വീഴ്ച സംഭവിച്ചു. അപ്പോള്‍ ഞാനും ഉറപ്പിച്ചു, മതി ഇനി അഭിനയിക്കുന്നില്ല എന്ന്.

രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞിട്ട് മമ്മൂട്ടി ഇവിടെ വന്നു. സാര്‍, എന്റെ ഒരു ആഗ്രഹമാണ്. ഈ പടം തുടങ്ങുമ്പോഴേ ഞാനും ഡയറക്ടറും എല്ലാം ഈ റോളില്‍ സാര്‍ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. സാര്‍ അഭിനയിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ ഗുരുവായിട്ടാണ് സാര്‍. ആ വേഷത്തിലേക്ക് ഞാന്‍ മറ്റൊരാളെ കാണുന്നില്ല എന്ന് മമ്മൂട്ടി പറഞ്ഞു .ശരി ആയിക്കോട്ടെ, ഇവിടെ വന്ന് ഷൂട്ട് ചെയ്‌തോളൂ എന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ അവര്‍ ഇവിടെ വന്ന് ഒരു സന്ധ്യക്ക് ആറു മണിക്ക് എന്നെ വിളിച്ചുകൊണ്ടു പോയി 9 മണിക്ക് തിരിച്ചു വിടുകയും ചെയ്തു. അങ്ങനെയാണ് വണ്‍ സിനിമയില്‍ എത്തുന്നത്.

മമ്മൂട്ടിക്ക് എന്നോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അത് ഞങ്ങള്‍ മീറ്റ് ചെയ്യുമ്പോഴേ ഉണ്ട്. മമ്മൂട്ടി സിനിമയില്‍ വരുന്നതിനു മുമ്പേ ഉണ്ടായ സ്‌നേഹമാണത് എന്നാണ് മമ്മൂട്ടി പറഞ്ഞത്,’ മധു പറഞ്ഞു.

Content Highlight: I decided to stop playing father rolse says actor Madhu

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.