താന്തോന്നി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ നടനാണ് ഷെയ്ൻ നിഗം. പിന്നീട് കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്, ആർ.ഡി.എക്സ് ഏറ്റവും പുതിയ ചിത്രം ബൾട്ടി എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ഇപ്പോൾ സിനിമയിലെ വയലൻസിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ.
‘പ്രണയവും പ്രതികാരവും സൗഹൃദവുമെല്ലാം എല്ലാക്കാലത്തും സിനിമയുടെ പ്രമേയങ്ങളാണ്. ഞാനഭിനയിച്ച ബൾട്ടി, ആർ.ഡി.എക്‌സ് എന്നിവ സംഘട്ടനങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകളാണ്. ഈ ചിത്രങ്ങളും വിജയിപ്പിച്ചത് കുടുംബപ്രേക്ഷകർ തന്നെയാണ്. ഒരു അടി തുടങ്ങുമ്പോൾ അതിന് വ്യക്തമായ കാരണമില്ലെങ്കിൽ എന്തിനാണ് ഇതെല്ലാം കാണിക്കുന്നതെന്ന തോന്നൽ പ്രേക്ഷകരിൽ ഉയരും. കഥ ആവശ്യപ്പെടുന്ന, അതിനോട് ചേർന്നു നിൽക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ സ്വീകാര്യത ലഭിക്കാറുണ്ട്,’ ഷെയ്ൻ നിഗം പറയുന്നു.
താൻ ആക്ഷൻ മാത്രമല്ല എല്ലാതരത്തിലുള്ള സിനിമകളും ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ 25 സിനിമകളിലും വ്യത്യസ്തമായ ഇരുപത്തിയഞ്ച് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്, അതിൽ റൊമാന്റിക്, ആക്ഷൻ, ഡ്രാമ, ഇൻവെസ്റ്റിഗേഷൻ എല്ലാം ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ തേടിവരുന്ന പ്രമേയങ്ങൾ അനുസരിച്ചാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത്. നല്ലതെന്ന് തോന്നുന്ന, തനിക്ക് ചേരുന്ന സിനിമകൾ ചെയ്യുന്നു. കുറെ നല്ല സിനിമകൾ ചെയ്യണം എന്നതാണ് ലക്ഷ്യം. കഥ കേട്ട് ഇഷ്ടമായാൽ തിരക്കഥയുടെ കോപ്പി ചോദിക്കുമെന്നും ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു.
തിരക്കഥ ഇഷ്ടപ്പെട്ടാൽ കോപ്പി ചോദിക്കുമെന്നും താനും സഹോദരിയും ഉമ്മച്ചിയും ഒരുമിച്ചിരുന്ന് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.