ബി.ജെ.പിയില്‍ ചേര്‍ന്നത് അറിഞ്ഞത് വാര്‍ത്തയിലൂടെ; 72ാം വയസില്‍ വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ല: കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍
Kerala
ബി.ജെ.പിയില്‍ ചേര്‍ന്നത് അറിഞ്ഞത് വാര്‍ത്തയിലൂടെ; 72ാം വയസില്‍ വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ല: കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th November 2025, 1:45 pm

കൊല്ലം: കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരണം. താന്‍ ബി.ജെ.പിയലിലെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്ന് കവി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

‘ഇനി വരുന്നൊരു തലമുറയ്ക്ക്’ എന്ന  ഗാനത്തിലൂടെ പ്രശസ്തനായ കവിയാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍.

താന്‍ ഏറെ നാളായി സ്വതന്ത്രനാണ്. ആ നിലപാടുകളില്‍ മാറ്റമില്ലെന്നും ഏത് വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ലെന്നും ഇഞ്ചക്കാട് ബാലചന്ദ്രന്‍ വിശദീകരിച്ചു.

കഴിഞ്ഞദിവസമാണ് ജനം ടി.വി ‘കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബി.ജെ.പിയിലേക്ക്’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൊല്ലം ജില്ലയില്‍ രൂപീകരിക്കുന്ന ബി.ജെ.പിയുടെ കള്‍ച്ചറല്‍ സെല്ലില്‍ കവി ചേര്‍ന്നെന്നായിരുന്നു വാര്‍ത്ത. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് കവി തന്നെ വിഷയത്തില്‍ സ്ഥിരീകരണം നടത്തിയിരിക്കുന്നത്.

മുമ്പ് ഡി.ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ സംസ്‌കാര സാഹിതിയില്‍ അംഗമായിരുന്നു. അന്ന് ചിലര്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് പ്രചരിപ്പിച്ചിരുന്നെന്നും അവരുടെ ആഗ്രഹമല്ലേ എന്ന് കരുതി പ്രതികരിച്ചില്ലെന്നും ബാലചന്ദ്രന്‍ വിശദീകരിച്ചു.

പിന്നീട് ഏതാനും ദിവസം മുമ്പാണ് ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡിന്റ് രാജി തന്നെ വിളിച്ച് സിനിമാ നിര്‍മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ വിഭാഗത്തില്‍ ചേരാന്‍ ക്ഷണിച്ചതെന്ന് ബാലചന്ദ്രന്‍ പറയുന്നു.

വരാമല്ലോ എന്നും പറഞ്ഞെന്നും എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു പദവിയും ആഗ്രഹിക്കാത്ത തന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന് പിന്നീട് വാര്‍ത്താ ചാനലിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഏഴുപത്തിരണ്ടാം വയസില്‍ തനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താത്പര്യമില്ല വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്‌നേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്‌കാരിക പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അക്കാര്യം എം. എബേബി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന സ്ഥിരീകരണം വന്നതോടെ സോഷ്യല്‍മീഡിയ വലിയ വിമര്‍ശനങ്ങളാണ് നടത്തുന്നത്. വന്ന് വന്ന് ബി.ജെ.പിയില്‍ ചേരാന്‍ മിസ് കോളിന്റെ പോലും ആവശ്യമില്ലെന്ന് സോഷ്യല്‍മീഡിയ പരിഹസിക്കുന്നു.

കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ നിലപാടുകളില്‍ മാറ്റമില്ല. എറെ നാളായി ഞാന്‍ സ്വാതന്ത്രനാണ്. ഏതു വ്യക്തിയിടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങള്‍ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്‌കാര സാഹിതിയില്‍ അംഗമായി. ഡി. ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ കുറെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരില്‍ ചിലര്‍ ഞാന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാന്‍ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ വിഭാഗം ആരംഭിക്കുന്നെന്നും ഞാന്‍ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കള്‍ച്ചറല്‍ സെല്‍ കണ്‍വീനറാക്കിയെന്ന്. ഞാന്‍ വാര്‍ത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ബി ജെ. പി യില്‍ ചേര്‍ന്നെന്നും ഈ ഏഴുപത്തി രണ്ടാം വയസ്സില്‍ എനിക്ക് വിവാദങ്ങള്‍ സഹിക്കാന്‍ താല്പര്യമില്ല വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്‌നേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്‌കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട് ശ്രീ എം എ ബേബി ചിറ്റയം ഗോപകുമാര്‍ സി ആര്‍ മഹേഷ് പികെ ഉസ്മാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരോട് കുമ്മനം രാജശേഖരന്‍ രാജീവ് ചന്ദ്ര ശേഖര്‍ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട് കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാന്‍ ഇവിടെയുണ്ട്

Content Highlight: I came to know about joining BJP through the news: Poet Inchakad Balachandran