തന്റെ ഏറ്റവും പുതിയ ചിത്രം “ദി റിലക്ടന്റ് ഫണ്ടമന്റലിസ്റ്റ്” പാക്കിസ്ഥാനെ നിഷ്പക്ഷമായി നിരീക്ഷിക്കാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരിയായ മീര നായര്‍. ഭീകരതയും അതിനെതിരെയുമുള്ള നടപടികള്‍ പാക് ജനതയേയും പാക് പ്രവാസികളേയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.[]
ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഈ ചിത്രത്തിന് വേണ്ടിയാണ്. തന്റെ ഭര്‍ത്താവിന്റേയും മകന്റേയും പൂര്‍ണ പിന്തുണയാണ് ചിത്രം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്നും മീര നായര്‍ പറയുന്നു.
കഴിഞ്ഞ 12 വര്‍ഷമായി വന്ന ഇറാഖ്, അഫ്ഗാന്‍ എന്നിവിടങ്ങളിലെ യുദ്ധ പശ്ചാത്തലുമുള്ള ചിത്രങ്ങളില്‍ അമേരിക്കന്‍ കാഴ്ച്ചപ്പാടിലാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ താന്‍ പൂര്‍ണമായും നിഷ്പക്ഷ സമീപനം സ്വീകരിക്കാനാണ് ശ്രമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന് പോലും തോന്നിയിരുന്നതായും മീര നായര്‍ പറയുന്നു.
മെയ് പത്തിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ലണ്ടനില്‍ എത്തിയതായിരുന്നു സംവിധായിക. പാക്കിസ്ഥാന്‍ എഴുത്തുകാരനായ മുഹ്‌സിന്‍ ഹാമിദിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് മീര ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലും മീര പങ്കാളിയായിട്ടുണ്ട്.
ഈ ചിത്രം താന്‍ തന്റെ മകന്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് വേണ്ടിയാണ് എടുത്തിരിക്കുന്നതെന്നാണ് മീര പറയുന്നത്. കാരണം അവരറിയണം യഥാര്‍ത്ഥത്തില്‍ എന്താണ് നമുക്ക് ചുറ്റും നടക്കുന്നതെന്ന്.
2005 ല്‍ ആദ്യമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതാണ് ഈ ചിത്രമെടുക്കാന്‍ മീര നായര്‍ക്ക് പ്രചോദനമായത്. നാം വാര്‍ത്തകളില്‍ വായിക്കാത്ത പാക്കിസ്ഥാനെ കുറിച്ച് ലോകത്തെ അറിയിക്കാനുള്ള ശ്രമമാണിത്. മീര നായര്‍ പറയുന്നു.
