സിയോള്‍: ആത്മഹത്യാശ്രമം ഉള്‍പ്പെടുത്തിയ പരസ്യചിത്രംപുറത്തിറക്കി വിവാദത്തിലായ സൗത്ത് കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് ഖേദം രേഖപ്പെടുത്തി.
ഹ്യൂണ്ടായിയുടെ ഹൈഡ്രജന്‍ പവര്‍ കാറായ ix 35 എന്ന മോഡലിന്റെ പരസ്യത്തിലാണ് മധ്യവയസ്‌കനായ ഒരാള്‍ ആത്മഹത്യാ ശ്രമം നടത്തുന്നതായി കാണിച്ചത്. []
കാറിലിരിക്കുന്ന വ്യക്തി കാര്‍ ലോക്ക് ചെയ്തശേഷം ഒരു പൈപ്പിലൂടെ കാര്‍ബണ്‍ കാറിനുള്ളിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നതും എന്നാല്‍ കാര്‍ കാര്‍ബണ്‍ പൂര്‍ണമായും പുറന്തള്ളുന്നതോടെ ആത്മഹത്യ ചെയ്യാനാകാത്ത അദ്ദേഹം കാറില്‍ നിന്നും പുറത്തിറങ്ങിപ്പോകുന്നതുമാണ് പരസ്യം.
2015 ഓടെ പുറത്തിറക്കാനുദ്ദേശിക്കുന്ന കാര്‍ എക്കോ ഫ്രണ്ട്‌ലി കാര്‍ സെഗ്മെന്റിന്റെ കൂട്ടത്തിലാണ് വരുന്നത്. 100 ശതമാനം ചൂടും പുറത്തേക്ക് വിടുന്ന പുതിയ സിസ്റ്റമാണ് കാറില്‍ പരീക്ഷിച്ചിരിക്കുന്നത്. കാറില്‍ ചൂടിന്റെ സാന്നിധ്യം തീരെ ഉണ്ടാകില്ലെന്ന കമ്പനിയുടെ പരസ്യം ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ പരസ്യം കണ്ട ലണ്ടനിലെ ഹോളിബ്രോക്ക് എന്ന സ്ത്രീ കുട്ടിയായിരിക്കുമ്പോള്‍ പിതാവ് ആത്മഹത്യ ചെയ്ത തനിയ്ക്ക് ഈ പരസ്യം ആഘാതമുണ്ടാക്കിയെന്നും പരസ്യചിത്രം ആളുകളുടെ മനസിനെ പിടിച്ചുലയ്ക്കുന്നതാണെന്നും കാണിച്ച് ഹ്യൂണ്ടായ് കമ്പനിക്ക് കത്തെഴുതി.
തുടര്‍ന്നാണ് കമ്പനി പരസ്യചിത്രം പ്രദര്‍ശിപ്പിച്ചതില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. പരസ്യചിത്രം ആരെയെങ്കിലും മാനസികമായി വേദനിപ്പിച്ചെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.
