ഒരു സിനിമയില്‍ ഒന്നില്‍ കൂടുതല്‍ ഴോണറുകള്‍ പരീക്ഷിച്ച നിസാമിന് പാളി, ഐ ആം ഗെയിം എന്താകുമെന്നറിയാന്‍ ടെന്‍ഷനടിച്ച് ദുല്‍ഖര്‍ ഫാന്‍സ്
Malayalam Cinema
ഒരു സിനിമയില്‍ ഒന്നില്‍ കൂടുതല്‍ ഴോണറുകള്‍ പരീക്ഷിച്ച നിസാമിന് പാളി, ഐ ആം ഗെയിം എന്താകുമെന്നറിയാന്‍ ടെന്‍ഷനടിച്ച് ദുല്‍ഖര്‍ ഫാന്‍സ്
അമര്‍നാഥ് എം.
Thursday, 16th July 2026, 9:22 am

മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് പരീക്ഷണ സിനിമകള്‍ക്ക് കുറച്ചധികം സ്വീകാര്യത ലഭിക്കുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. സ്റ്റാര്‍ഡത്തിനപ്പുറം ശക്തമായ കണ്ടന്റുള്ള സിനിമകളെ ഇരുകൈയും നീട്ടിയാണ് മോളിവുഡിലെ സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ചില പരീക്ഷണ സിനിമകള്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പരാജയപ്പെടുകയും ചെയ്യുന്നത് കാണാനാകും.

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ഐ, നോബഡി അത്തരമൊരു സിനിമയാണ്. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പ് അത്യാവശ്യം നല്ല ഹൈപ്പ് ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഐ, നോബഡിക്ക് സാധിക്കാതെ പോയി. ഒന്നിലധികം ഴോണറുകളിലൂടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകരുമായി കണക്ടാകാന്‍ പാടുപെട്ടതാണ് പരാജയത്തിന് കാരണം.

ഐ, നോബഡി ബോക്‌സ് ഓഫീസില്‍ വീണതോടെ ടെന്‍ഷനാകുന്നത് ദുല്‍ഖറിന്റെ ആരാധകരാണ്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങുന്ന ഐ ആം ഗെയിം ഒരു ഴോണറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് സംവിധായകന്‍ നഹാസ് ഹിദായത്ത് അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കൃത്യമായിട്ടുള്ള ഴോണററിയാത്തതിനാല്‍ ആരാധകരും കണ്‍ഫ്യൂഷനിലാണ്.

ഴോണറിനനുസരിച്ച് പ്രൊമോഷന്‍ നല്‍കിയില്ലെങ്കില്‍ ആദ്യദിനം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ തിരിച്ചടിയാകുമെന്നാണ് പല സിനിമകളും കാണിച്ച് തന്നിട്ടുള്ളത്. വന്‍ ബജറ്റില്‍ ഒന്നിലധികം ഴോണറുകള്‍ ഉള്‍പ്പെടുത്തുന്ന സിനിമയായതുകൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാളസിനിമ കൂടിയാണിത്. കൊത്തയുടെ പരാജയത്തിന് പിന്നാലെ താരം വലിയൊരു ഇടവേളെയടുത്തിരുന്നു. തമിഴിലും തെലുങ്കിലും ഈ സമയത്ത് സജീവമായ ദുല്‍ഖറിനെ മലയാളികള്‍ വല്ലാതെ മിസ് ചെയ്തു. ഇതിന് പിന്നാലെയാണ് ദുല്‍ഖര്‍ ഐ ആം ഗെയിം അനൗണ്‍സ് ചെയ്തത്.

വന്‍ ബജറ്റിലും താരനിരയിലുമാണ് ചിത്രം ഒരുങ്ങിയത്. കൊച്ചി, ഹൈദരബാദ്, ദുബായ് തുടങ്ങിയ ലൊക്കേഷനുകളില്‍ 180ലേറെ ദിവസം നീണ്ടുനിന്ന ഷൂട്ടായിരുന്നു ഐ ആം ഗെയിമിന്റേത്. ദുല്‍ഖറിന് പുറമെ ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കതിര്‍, മിഷ്‌കിന്‍, കയദു ലോഹര്‍, സാന്‍ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Hype factor of I’m game became low after the failure of I Nobody

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം