ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ച് തകർത്ത് ബി.ജെ.പി പ്രവർത്തകർ
national news
ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ച് തകർത്ത് ബി.ജെ.പി പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 6:30 am

ഹൈദരാബാദ്:  ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ച് തകർത്ത് ബി.ജെ.പി പ്രവർത്തകർ. ഇന്നലെയായിരുന്നു (ഞായറാഴ്ച ) ബി.ജെ.പി പ്രവർത്തകർ ബേക്കറി അടിച്ച് തകർത്തത്. നേരത്തെ തന്നെ ‘കറാച്ചി’ എന്ന പേര് മാറ്റണം എന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വവാദികൾ എത്തിയിരുന്നു.

പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ബേക്കറി തകർത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

രുചികരമായ ഫ്രൂട്ട് ബിസ്‌ക്കറ്റുകൾക്ക് പേരുകേട്ട ഈ ബേക്കറി, പേരല്ലാതെ പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെങ്കിലും കറാച്ചി എന്ന പേരുകാരണം വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. ദിവസങ്ങൾക്ക് മുമ്പ്, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെ തീവ്ര ഹിന്ദുത്വവാദികൾ പ്രതിഷേധം നടത്തിയിരുന്നു.

പാകിസ്ഥാനിലെ കറാച്ചി നഗരത്തെ പരാമർശിക്കുന്ന ബേക്കറിയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി പ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബേക്കറിയുടെ സ്ഥാപകർ സ്ഥാപനത്തിന് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്ന് നിരന്തരം പറഞ്ഞിരുന്നു. വിഭജന സമയത്ത് തങ്ങളുടെ കുടുംബത്തിന്റെ കുടിയേറ്റവുമായി ബന്ധപ്പെട്ട ചരിത്രപരമായ പ്രാധാന്യമാണ് കറാച്ചി എന്ന പേരിനുള്ളതെന്ന് അവർ വിശദീകരിക്കുന്നു.

വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യങ്ങൾക്കിടയിൽ, അടിയന്തര പിന്തുണ നൽകണമെന്ന് ഉടമകൾ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോടും സംസ്ഥാന ഡി.ജി.പി ഡോ. ജിതേന്ദറിനോടും അഭ്യർത്ഥിച്ചു. തങ്ങളുടെ ദീർഘകാല ബ്രാൻഡ് നാമം അതേപടി നിലനിർത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. കൂടാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുമ്പോഴെല്ലാം തങ്ങളുടെ ബിസിനസിന് നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയണമെന്നും ബേക്കറി ഉടമകൾ ആവശ്യപ്പെടുന്നു.

‘ഞങ്ങളുടെ മുത്തച്ഛൻ ഖാൻചന്ദ് രാംനാനി 1953 ൽ ഹൈദരാബാദിൽ കറാച്ചി ബേക്കറി സ്ഥാപിച്ചു. 72 വർഷമായി ഞങ്ങൾ ഹൈദരാബാദിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്നു. 1947 ലെ പ്രക്ഷുബ്ധമായ വിഭജന സമയത്ത് പാകിസ്ഥാൻ വിടാൻ ഞങ്ങളുടെ മുത്തച്ഛൻ നിർബന്ധിതനായപ്പോൾ, അദ്ദേഹം ഹൈദരാബാദിൽ അഭയം തേടുകയും തുടർന്ന് ഈ ബേക്കറി സ്ഥാപിക്കുകയും ചെയ്തു. ബേക്കറിക്ക് അദ്ദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കറാച്ചി നഗരത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. കറാച്ചി ബേക്കറി 1953-ൽ ഇന്ത്യയിലെ ഹൈദരാബാദിൽ സ്ഥാപിതമായ 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ്. ഞങ്ങളുടെ പേര് ചരിത്രത്തിന്റെ ഭാഗമാണ്, ഞങ്ങളുടെ ദേശീയതയുടെ ഭാഗമല്ല. ദയവായി ഞങ്ങളെ പിന്തുണക്കുക,’ ഉടമകൾ അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞു.

1953 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കറാച്ചി ബേക്കറി. ചരിത്രപ്രസിദ്ധമായ മോസം ജാഹി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കറാച്ചി ബേക്കറി സ്ഥിതി ചെയ്യുന്നത്. 1947ലെ വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് കുടിയേറിയ ഖാന്‍ചന്ദ് രാംനാനിയാണ് കറാച്ചി ബേക്കറിയുടെ സ്ഥാപകന്‍.

 

Content Highlight: Hyderabad’s Karachi Bakery vandalised by BJP activists amid heightened India-Pak tensions