ഹൈദരാബാദില്‍ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം; ചില്‍ക്കൂരിൽ പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
India
ഹൈദരാബാദില്‍ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം; ചില്‍ക്കൂരിൽ പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
യെലന കെ.വി
Sunday, 1st February 2026, 9:14 am

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ബാലാപ്പൂര്‍ മേഖലയില്‍ സംഘടിപ്പിച്ച ധര്‍മരക്ഷ സഭയില്‍ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷാ അലി ബണ്ഡ സ്വദേശിയായ റഹ്‌മാന്‍ ഖാന്‍ നല്‍കിയ പരാതിയില്‍ രംഗറെഡി പൊലീസിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തല്‍, സാമൂഹിക സമാധാനം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ 196(1), 223, 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലെ പൂജാരി സി.എസ്. രംഗരാജന്‍, എം.ആര്‍.പി.എസ് നേതാവ് രവി കുമാര്‍, ആര്‍.എസ്.എസ് അംഗവും അഭിഭാഷകനുമായ കരുണാ സാഗര്‍ കാശിംഷെട്ടി, ഗിരിധര്‍ സ്വാമി ശാസ്ത്രി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

കഴിഞ്ഞ ജനുവരി 23-നാണ് ബാലാപ്പൂരില്‍ ധര്‍മരക്ഷാ സഭ നടന്നത്. പരിപാടിയില്‍ ഗിരിധര്‍ സ്വാമി ശാസ്ത്രി ഖുര്‍ആന്‍നെതിരെയും മുസ്‌ലിം വിഭാഗത്തിനെതിരെയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്..

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നത് വരെ വിശ്രമിക്കില്ലെന്നും കുട്ടികളെ തോക്കും വാളും ഉപയോഗിക്കാന്‍ പഠിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബാലാപ്പൂരിലെ റോഹിങ്ക്യന്‍  ബംഗ്ലാദേശി കുടിയേറ്റക്കാരെയും നാടുകടത്തണമെന്ന ആവശ്യമാണ് സഭയില്‍ പ്രധാനമായും ഉയര്‍ന്നത്.

നുഴഞ്ഞുകയറ്റക്കാര്‍ ഹൈദരാബാദിലെ ജനസംഖ്യാ ക്രമത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കരുണാ സാഗര്‍ കാശിംഷെട്ടി ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെ ഭരണഘടനാ ലംഘനം നടത്തിയെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് റഹ്‌മാന്‍ ഖാന്‍ പരാതി നല്‍കിയത്.

നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് ആദ്യം ഈ സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍, പൗരന്മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച തെലങ്കാന ഹൈക്കോടതി ചില നിബന്ധനകളോടെ സഭ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

Content Highlight: Hyderabad: Chilkur Balaji priest, 3 others booked for hate speech at rally

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.