കൊവിഡ് മഹാമാരിയിലും നേട്ടം കൊയ്ത് ഇന്ത്യയിലെ അതിസമ്പന്നര്‍; ഏറ്റവും വളര്‍ച്ച അദാനിയ്ക്ക്
national news
കൊവിഡ് മഹാമാരിയിലും നേട്ടം കൊയ്ത് ഇന്ത്യയിലെ അതിസമ്പന്നര്‍; ഏറ്റവും വളര്‍ച്ച അദാനിയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st October 2021, 10:10 am

മുംബൈ: കൊവിഡ് മഹാമാരി സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലും ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനവ്. ഈ വര്‍ഷം പുതുതായി ഇന്ത്യയില്‍ 179 അതിസമ്പന്നരുണ്ടായി. രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം 1007 ആയി ഉയരുകയും ചെയ്തു.

ഹുരുണ്‍ ഇന്ത്യ- ഐ.ഐ.എഫ്.എല്‍ ആണ് വ്യാഴാഴ്ച സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. 2011ല്‍ 100 പേര്‍ അതിസമ്പന്നരായിരുന്നതില്‍ നിന്നാണ് 2021ല്‍ അത് 1007 എന്ന നിലയിലേക്ക് പത്തിരട്ടിയായി ഉയര്‍ന്നത്.

തുടര്‍ച്ചയായി പത്താം വര്‍ഷവും മുകേഷ് അംബാനി തന്നെയാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. എന്നാല്‍ 2020മായി താരതമ്യം ചെയ്യുമ്പോള്‍ ഒമ്പത് ശതമാനം വളര്‍ച്ച മാത്രമാണ് അംബാനിയുടെ സമ്പത്തില്‍ ഉണ്ടായിരിക്കുന്നത്.

അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതുളളത്. അതേസമയം സമ്പത്തിലുണ്ടായ വളര്‍ച്ചയുടെ കാര്യത്തില്‍ അംബാനിയെ മറികടന്ന് അദാനി മുന്നിലെത്തി. 3,65,700 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ അദാനിയുടെ സമ്പാദ്യം. അതായത് ഒരു ദിവസം 1000 കോടിയിലേറെ രൂപ.

1,40,200 കോടിയുടെ സമ്പാദ്യത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ 261 ശതമാനം വളര്‍ച്ചയോടെ 5,05,900 കോടിയായി അദാനിയുടെ സമ്പാദ്യം ഉയര്‍ന്നു. ഇതോടെ ഏഷ്യയിലെ സമ്പരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും അദാനി ഉയര്‍ന്നു.

ഭൂമിശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍ പുതുതായി അഞ്ച് നഗരങ്ങള്‍ കൂടി ഇന്ത്യയില്‍ അതിസമ്പന്നതയുടെ പട്ടികയില്‍ ഇടം നേടി. ഇതോടെ സമ്പന്ന നഗരങ്ങളുടെ എണ്ണം 119 ആയി ഉയര്‍ന്നു.

മൊത്തത്തില്‍ 51 ശതമാനം കൂടുതല്‍ സ്വത്താണ് 2021ല്‍ ഈ 1007 പേര്‍ ചേര്‍ന്ന് സമ്പാദിച്ചത്. ഇവരുടെ ശരാശരി സമ്പത്തില്‍ 25 ശതമാനം വളര്‍ച്ചയും ഈ വര്‍ഷം രേഖപ്പെടുത്തി.

എച്ച്.സി.എല്‍ ടെക്‌നോളജീസും മേധാവി ശിവ് നാടാരുമാണ് 2,36,600 കോടിയുമായി പട്ടികയില്‍ മൂന്നാമത്. നാലാമത് എസ്.പി. ഹിന്ദുജകുടുംബമാണ്. എല്‍.എന്‍. മിത്തല്‍ കുടുംബവും സൈറസ് പൂനവാല കുടുംബവുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

2021 സെപ്റ്റംബര്‍ 15 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്ന് ഹുരുണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1007 എന്ന സമ്പന്നരുടെ എണ്ണം 3000ലേക്ക് ഉയരും എന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ പുതുതായി നാല് പേര്‍ ഇടം നേടി. സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍, കുമാര്‍ മംഗലം ബിര്‍ല, ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയില്‍ നിന്നും ജയ് ചൗധരി എന്നിവരാണ് പുതുമുഖങ്ങള്‍.

ഗോദ്‌റെജ് കുടുംബാംഗം സ്മിത.വി.സ്രിഷ്ണയാണ് 31,300 കോടി സമ്പാദ്യവുമായി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ത്രീ സാന്നിധ്യം.

1007 അതിസമ്പന്നരില്‍ 255 പേര്‍ അധിവസിക്കുന്ന മുംബൈയാണ് സമ്പന്നരുടെ നഗരങ്ങളില്‍ ഒന്നാമത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hurun India-IIFL Wealth rich list shows India produced 179 more super-rich people this year