അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്നത് ഓസ്ട്രേലിയക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നറിഞ്ഞതിൽ വേദന; വൈറലായി റാഷിദ് ഖാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌
Cricket
അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്നത് ഓസ്ട്രേലിയക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നറിഞ്ഞതിൽ വേദന; വൈറലായി റാഷിദ് ഖാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th January 2023, 9:27 pm

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ അസോസിയേഷൻ അഫ്ഗാനിസ്ഥാനുമായുള്ള പുരുഷ ഏകദിന പരമ്പര ഉപേക്ഷിച്ചിരുന്നു.

മാർച്ച് മാസത്തിൽ യു.എ.ഇയിൽ വെച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ അസോസിയേഷൻ ഉപേക്ഷിച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കും പഠിക്കാനും തൊഴിൽ ചെയ്യാനുമുള്ള അവകാശത്തെ താലിബാൻ നിഷേധിക്കുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് പരമ്പര ഉപേക്ഷിക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ അസോസിയേഷൻ തീരുമാനിച്ചത്.

ഓസ്ട്രേലിയൻ സർക്കാർ, ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ, ഐ.സി.സി മുതലായവർ ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷമാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് തങ്ങൾ എത്തിച്ചേർന്നതെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ അസോസിയേഷൻ ഔദ്യോഗികമായി പ്രതികരിച്ചത്.

കൂടാതെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡുമായി സഹകരണം തുടരുമെന്നും പുരുഷ, വനിത ക്രിക്കറ്റിന് ലോകമൊട്ടാകെ പ്രചാരം നൽകാനുള്ള ഐ.സി.സിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ പുരുഷ, വനിത ക്രിക്കറ്റിന്റെ വളർച്ചക്കായി ഒപ്പമുണ്ടാകുമെന്നും അതിനൊപ്പം അഫ്ഗാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നതിക്കായി വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ അസോസിയേഷൻ അറിയിച്ചു.

എന്നാൽ അഫ്ഗാനിസ്ഥാനുമായുള്ള മത്സര പരമ്പര ഓസ്ട്രേലിയ ഉപേക്ഷിക്കുന്നതിൽ വിയോജിപ്പും ദുഃഖവും രേഖപ്പെടുത്തി അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ ഇട്ട വൈകാരികമായ പോസ്റ്റ്‌ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായിരിക്കുകയാണ്.

“ഞങ്ങൾക്കെതിരെ മാർച്ചിൽ നടക്കാനിരുന്ന പരമ്പരയിൽ നിന്നും ഓസ്ട്രേലിയ പിൻമാറിയെന്നുള്ള വാർത്ത വളരെ സങ്കടപ്പെടുത്തുന്നതാണ്. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ്‌ കളിക്കുന്നതിൽ വലിയ അഭിമാനമുള്ള വ്യക്തിയാണ് ഞാൻ.

കൂടാതെ ലോക ക്രിക്കറ്റിൽ ഞങ്ങളുടെ രാജ്യം മികച്ച റിസൾട്ട്‌ ഉണ്ടാക്കുകയും ക്രിക്കറ്റിൽ വികസനത്തിന്റെ പാതയിൽ ഞങ്ങൾ മുന്നേറുകയുമാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഈ തീരുമാനം ക്രിക്കറ്റിലെ ഞങ്ങളുടെ വളർച്ചയെ പിന്നോട്ടടിക്കുന്ന ഒരു തീരുമാനമായാണ് എനിക്ക് തോന്നുന്നത്.

ഓസ്ട്രേലിയക്ക് ഞങ്ങൾക്കെതിരെ കളിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ ബിഗ് ബാഷ് ലീഗിൽ ഓസ്ട്രേലിയയിൽ തുടർന്ന് കളിക്കാനുള്ള തീരുമാനം എനിക്ക് പുനപരിശോധിക്കേണ്ടിവരും. എന്റെ ഭാവിയെക്കുറിച്ച് കൂടുതൽ വിശദമായി ചിന്തിക്കേണ്ടിയിരിക്കുന്നു,’ റാഷിദ് ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

ബി.ബി.എൽ ടീമായ അഡലൈഡ് സ്ട്രൈക്കേഴ്സിനായാണ് റാഷിദ് ഖാൻ ഓസ്ട്രേലിയയിൽ കളിച്ചിരുന്നത്.
അതേസമയം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയാണ് ഓസ്ട്രേലിയക്ക് അടുത്തതായി കളിക്കാനുള്ളത്.

 

Content Highlights:Hurt to know that playing against Afghanistan upsets Australia; Rashid Khan’s Instagram post goes viral