ഉക്രൈന് ഫണ്ട് നിഷേധിച്ചും റഷ്യന്‍ ഉപരോധം എതിര്‍ത്തും ഹംഗറിയുടെ വീറ്റോ; റഷ്യന്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ച് യൂറോപ്യന്‍ യൂണിയന്‍
Russia Ukraine conflict
ഉക്രൈന് ഫണ്ട് നിഷേധിച്ചും റഷ്യന്‍ ഉപരോധം എതിര്‍ത്തും ഹംഗറിയുടെ വീറ്റോ; റഷ്യന്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ച് യൂറോപ്യന്‍ യൂണിയന്‍
അനിത സി
Tuesday, 24th February 2026, 7:43 am

ബ്രസല്‍സ്: റഷ്യ-ഉക്രൈന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ ഉക്രൈന് ഏറെ നിര്‍ണായകമായ ഫണ്ട് നല്‍കാതെ സമ്മര്‍ദതന്ത്രം പ്രയോഗിച്ച് ഹംഗറി. ഉക്രൈന് നിര്‍ണായകമായ വായ്പ നല്‍കുന്ന തീരുമാനത്തെ വീറ്റോ ചെയ്ത ഹംഗറിയുടെ തീരുമാനത്തെ യൂറോപ്യന്‍ യൂണിയനും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശിച്ചു.

റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ഉക്രൈന് 106 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനും തീരുമാനിക്കാനായി ചേര്‍ന്ന യോഗത്തില്‍ വീറ്റോ പവര്‍ ഉപയോഗിച്ച് ഹംഗറി എതിര്‍ക്കുകയായിരുന്നു.

ചൊവ്വാഴ്ചയോടെ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന 20ാമത് ഉപരോധ പാക്കേജ് ഏകകണ്ഠമായി പാസാക്കി അന്തിമമാക്കാമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രതീക്ഷ. എന്നാല്‍ ഹംഗറി വീറ്റോ ചെയ്തതോടെ തീരുമാനം മാറ്റേണ്ടി വന്നു

റഷ്യന്‍ പക്ഷത്തുള്ള ഹംഗറിയുടെ തീരുമാനത്തിന് പിന്നാലെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ച് എട്ട് പേരടങ്ങുന്ന റഷ്യന്‍ സംഘത്തിന് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തി. ഉന്നതരായ റഷ്യന്‍ ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

ഉക്രൈനിലൂടെ ഹംഗറിയിലേക്കും സ്ലോവാക്യയിലേക്കും റഷ്യന്‍ എണ്ണ കൊണ്ടുപോകുന്ന ദ്രുഷ്ബ പൈപ്പ് ലൈന്‍ ഒരു മാസത്തിന് മുമ്പ് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

ഇതോടെ റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടു. പിന്നാലെ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഉക്രൈന്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ഹംഗറി ആരോപിച്ചിരുന്നു. എണ്ണയുടെ വിതരണം പുനരാരംഭിക്കുന്നത് വരെ ഉക്രൈനെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കില്ലെന്ന് ഹംഗറിയുടെ വിദേശകാര്യമന്ത്രി പീറ്റര്‍ സിര്‍ജാട്ടോ പ്രതികരിച്ചിരുന്നു.

എന്നാല്‍, ഹംഗറിയുടെ ശാസന അന്തിമ മുന്നറിയിപ്പും ഭീഷണിപ്പെടുത്തലുമാണെന്നായിരുന്നു ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഹംഗറിയുടെ നടപടികളെ ‘രാഷ്ട്രീയ അട്ടിമറി’ എന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് വിമര്‍ശിച്ചു. ഉക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള ഐക്യദാര്‍ഢ്യത്തെ തകര്‍ക്കാന്‍ ഹംഗറി മനപൂര്‍വം ശ്രമിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

‘ഉക്രേനിയന്‍, യൂറോപ്യന്‍ സ്വാതന്ത്ര്യം നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. റഷ്യ ഈ യുദ്ധം ജയിക്കുന്നില്ല. അവര്‍ ഈ യുദ്ധം ജയിക്കില്ല.നീതിയും ശാശ്വതവുമായ ഒരു സമാധാനവും ഉണ്ടാകുന്നതുവരെ യു.കെ ഉക്രൈനൊപ്പം നില്‍ക്കും,’ യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

Content Highlight: Hungary vetoes Ukraine funds, opposes Russian sanctions; European Union sanctions Russian officials

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.