ബുഡാപെസ്റ്റ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറണ്ടുകള്‍ രാജ്യം കര്‍ശനമായി പാലിക്കുമെന്നും, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹംഗറിയില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്നും വ്യക്തമാക്കി നിയുക്ത പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍. ബുഡാപെസ്റ്റില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ വിദേശനയങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാടുകളാണ് മഗ്യാ തുടക്കം മുതല്‍ തന്നെ സ്വീകരിച്ചത്.

ഇസ്രഈലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഓര്‍ബന്‍, നെതന്യാഹുവിനെതിരെയുള്ള ഐ.സി.സി നടപടികളില്‍ പ്രതിഷേധിച്ച് കോടതിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിരുന്നു. ഈ പിന്മാറ്റം വരാനിരിക്കുന്ന ജൂണ്‍ 2-ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ആ നടപടി റദ്ദാക്കുമെന്നും, ഹംഗറി ഐ.സി.സി അംഗമായി തുടരുമെന്നും മഗ്യാര്‍ പ്രഖ്യാപിച്ചത്. തന്റെ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ പിന്‍വാങ്ങല്‍ നടപടികള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു.

1956-ലെ ഹംഗേറിയന്‍ വിപ്ലവത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത ഒക്ടോബറില്‍ നടക്കുന്ന ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒക്ടോബറിലെ ചടങ്ങിലേക്ക് ലോകനേതാക്കള്‍ക്കെല്ലാം ഔദ്യോഗിക ക്ഷണം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും മഗ്യാര്‍ ഓര്‍മ്മിപ്പിച്ചു.

‘ഞങ്ങള്‍ കോടതിയില്‍ (ICC) അംഗങ്ങളായിരിക്കുമ്പോള്‍, അന്താരാഷ്ട്ര തലത്തില്‍ അന്വേഷിക്കപ്പെടുന്ന ഒരു പിടികിട്ടാപ്പുള്ളി നമ്മുടെ രാജ്യത്ത് പ്രവേശിച്ചാല്‍, അവരെ കസ്റ്റഡിയിലെടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഇക്കാര്യം ഞാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രിയോട് ഫോണ്‍ കോളില്‍ അടക്കം പറഞ്ഞിട്ടുമുണ്ട്,’ പീറ്റര്‍ മഗ്യാര്‍ പറഞ്ഞു.

എല്ലാം ഫോണിലൂടെ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും, നിയമങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രത്തലവന്മാര്‍ക്കും വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ, ഒക്ടോബറില്‍ ഹംഗറി സന്ദര്‍ശിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

2024 ലാണ് ഗസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു, അന്നത്തെ ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

യുദ്ധത്തിന്റെ ഭാഗമായി ജനങ്ങളെ പട്ടിണിക്കിടുക, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, ക്രൂരമായ യുദ്ധക്കുറ്റങ്ങള്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഐ.സി.സി നടപടിക്കെതിരെ അമേരിക്ക ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഉന്നത ഐ.സി.സി ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും എതിരെ യു.എസ് വിസ നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യു.എസിന്റേത് പ്രതികാര നടപടിയാണെന്ന് ഐക്യരാഷ്ട്ര സഭ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടുള്ള യാഥാസ്ഥിതിക നേതാവായ പീറ്റര്‍ മഗ്യാറിന്റെ കടന്നുവരവ് ഹംഗറിയുടെ രാജ്യാന്തര ബന്ധങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ജുഡീഷ്യല്‍ തീരുമാനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിലൂടെ, യൂറോപ്യന്‍ യൂണിയനുള്ളിലെ ഹംഗറിയുടെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനാണ് മഗ്യാര്‍ ശ്രമിക്കുന്നത്.

Content Highlight: Hungary’s incoming Prime Minister: Netanyahu would be arrested if he visits