ലൈംഗികാതിക്രമ കേസിലെ കൂട്ടുപ്രതിക്ക് മാപ്പ് നല്‍കി; പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച് ഹംഗേറിയന്‍ പ്രസിഡന്റ്
World News
ലൈംഗികാതിക്രമ കേസിലെ കൂട്ടുപ്രതിക്ക് മാപ്പ് നല്‍കി; പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച് ഹംഗേറിയന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 8:10 am

ബുഡാപെസ്റ്റ്: പീഡന കേസിലെ കൂട്ടുപ്രതിക്ക് മാപ്പ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച് ഹംഗേറിയന്‍ പ്രസിഡന്റ് കാതലിന്‍ നോവാലിക്. ശിശുഭവനിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിലെ കൂട്ടുപ്രതിക്കാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ മാപ്പ് നല്‍കിയത്.

‘തെറ്റുപറ്റി, രാഷ്ട്ര തലവന്‍ എന്ന നിലയില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്ന അവസാനത്തെ ദിനമായിരിക്കും ഇന്ന്,’ എന്ന് പറഞ്ഞുകൊണ്ടാണ് കാതലിന്‍ നോവാലിക് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുന്നത്.

താന്‍ മേല്‍നോട്ടം വഹിച്ച കുട്ടികളുടെ ദുര്‍ബലത ദുരുപയോഗം ചെയ്യാന്‍ കുറ്റവാളി ശ്രമിച്ചിട്ടില്ലെന്ന് വിശ്വസിച്ച് കഴിഞ്ഞ ഏപ്രിലില്‍ കൂട്ടുപ്രതിക്ക് മാപ്പ് നല്‍കാന്‍ തീരുമാനിച്ചുവെന്നും ഹംഗേറിയന്‍ പ്രസിഡന്റ് രാജി പ്രസ്താവനയില്‍ പറഞ്ഞു.

പ്രാദേശിക വാര്‍ത്താ സൈറ്റായ 444.ഹു ആദ്യമായി പ്രസിഡന്റിന്റെ മാപ്പ് റിപ്പോര്‍ട്ട് ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കാതലിന്‍ രാജിവെച്ചിരിക്കുന്നത്.

പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുന്‍ നീതിന്യായ മന്ത്രി ജൂഡിറ്റ് വര്‍ഗയ്ക്കൊപ്പം കാതലിന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വര്‍ഗയും ഞായറഴ്ച നിയമസഭാംഗത്വം രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.

കുട്ടികളെ മുന്‍ ഡയറക്റ്റര്‍ പീഡനത്തിനിരയാക്കിയ കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ച ശിശുഭവനിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കാതലിന്‍ നോവാലിക് മാപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങളും കാതലിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് 2023 ഏപ്രിലില്‍ ഡസന്‍ക്കണക്കിന് തടവുകാര്‍ക്ക് കാതലിന്‍ മാപ്പ് നല്‍കിയിരുന്നു. ഈ നടപടിയിലാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതിയായ ശിശുഭവനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെട്ടത്.

ഹംഗേറിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റും ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രസിഡന്റുമാണ് കാതലിന്‍ നോവാലിക്.

Content Highlight: Hungarian President Katalin Novak resigns after protests over pardon for co-accused in torture case