സ്റ്റുഡന്റ് ആക്ടിവിസ്റ്റിന്റെ അറസ്റ്റ്; ശ്രീലങ്കയില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍
World News
സ്റ്റുഡന്റ് ആക്ടിവിസ്റ്റിന്റെ അറസ്റ്റ്; ശ്രീലങ്കയില്‍ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 2:33 pm

കൊളംബോ: ശ്രീലങ്കയില്‍ വിദ്യാര്‍ത്ഥി നേതാവിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ സമരങ്ങള്‍ ശക്തി പ്രാപിക്കുന്നു.

പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ടില്‍ (Prevention of Terrorism Act) പെടുത്തി അറസ്റ്റ് ചെയ്ത സ്റ്റുഡന്റ് ആക്ടിവിസ്റ്റ് വസന്ത മുദലിഗയെ (Wasantha Mudalige) ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ ജാഫ്‌ന നഗരം കേന്ദ്രീകരിച്ച് പ്രതിഷേധസമരം നയിക്കുന്നത്.

പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ കഴിഞ്ഞദിവസത്തെ ജാഫ്‌ന സന്ദര്‍ശനവും സമരങ്ങള്‍ കൂടി ശക്തി പ്രാപിക്കാന്‍ കാരണമായിട്ടുണ്ട്. കാണാതായവരെ തിരിച്ചുതരിക, തമിഴ് രാഷ്ട്രീയ തടവുകാരെ റിലീസ് ചെയ്യുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഉയരുന്നത്.

29കാരനായ മുദലിഗെയെ 2022 ഓഗസ്റ്റ് 18നായിരുന്നു ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തത്. പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് പ്രകാരം റനില്‍ വിക്രമസിംഗെ ഒപ്പിട്ട ഓര്‍ഡറുകളെ തുടര്‍ന്ന് ഓഗസ്റ്റ് 21 മുതല്‍ ഇദ്ദേഹം തടങ്കലിലാണുള്ളത്.

ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (Inter University Students’ Federation) കണ്‍വീനര്‍ കൂടിയായ മുദലിഗെയുടെ ജാമ്യാപേക്ഷയില്‍ ജനുവരി 17ന് ഹള്‍ഫ്സ്ഡോര്‍പ്പ് മജിസ്ട്രേറ്റ് കോടതിയില്‍ (Hulftsdorp Magistrates Court) വാദം കേള്‍ക്കല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് പ്രകാരം, സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അറ്റോര്‍ണി ജനറല്‍ അതിനെ എതിര്‍ത്താല്‍ കോടതിക്ക് ജാമ്യം അനുവദിക്കാനാകില്ല.

2022ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായതിന്റെ പേരിലായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ മുദലിഗെയെ തടവിലാക്കിയത്. പൊലീസിനും സൈന്യത്തിനും വ്യാപകമായ അധികാരം നല്‍കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ സമരങ്ങളോട് പ്രതികരിച്ചത്.

ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്തവരില്‍ പലരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും മുദലിഗെയെ വിട്ടയച്ചിരുന്നില്ല.

സാമ്പത്തിക സ്ഥിതി വലിയ രീതിയില്‍ തകരുകയും വിലക്കയറ്റം കാരണം ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും ചെയ്തതിനാല്‍ കുറച്ച് മാസങ്ങള്‍ ശ്രീലങ്ക കലാപ സമാനമായ അന്തരീക്ഷത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ നിന്നും മഹീന്ദ രജപക്സെയും ഗോതബയ രജപക്സെയും രാജിവെച്ച് ഒഴിയുകയായിരുന്നു.

ഇതിനിടെ മുദലിഗെയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഏഷ്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് (Asian Forum for Human Rights and Development), ഫ്രണ്ട്‌ലൈന്‍ ഡിഫന്‍ഡേഴ്‌സ് (Frontline Defenders), ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഇന്റര്‍നാഷണല്‍ വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ ശ്രീലങ്ക (International Working Group on Sri Lanka), ശ്രീലങ്ക ക്യാമ്പെയിന്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് (Sri Lanka Campaign for Peace and Justice) എന്നീ സംഘടനകളാണ് മുദലിഗെയുടെ റിലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് പ്രയോഗിക്കുന്നതില്‍ ശ്രീലങ്കന്‍ അധികൃതര്‍ ഉടന്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഈ വകുപ്പ് ചുമത്തി തടവിലിട്ടിരിക്കുന്ന എല്ലാവരുടെയും കേസുകള്‍ പുനപരിശോധിക്കണമെന്നും സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു.

Content Highlight: Hundreds protest in Sri Lanka to end the Arbitrary Detention of Student Activist