ഛത്തീസ്ഗഡില്‍ 300ലധികം ക്രിസ്ത്യന്‍ കുടുംബങ്ങളെ 'ഘര്‍വാപസി' നടത്തി; റിപ്പോര്‍ട്ട്
national news
ഛത്തീസ്ഗഡില്‍ 300ലധികം ക്രിസ്ത്യന്‍ കുടുംബങ്ങളെ 'ഘര്‍വാപസി' നടത്തി; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2023, 11:55 pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നൂറുകണക്കിന് ക്രിസ്തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരി 19ന് ഛത്തീസ്ഗഡിലെ മഹാസമുന്ദില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ‘ഘര്‍വാപസി’ ചടങ്ങില്‍ 300ലധികം കുടുംബങ്ങളിലെ 1100ഓളം ആളുകള്‍ ഹിന്ദുമതം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബി.ജെ.പി നേതാവ് പ്രബല്‍ പ്രതാപ് സിങ് ജൂദേവ് ഗംഗാ ജലം കൊണ്ട് കാലുകള്‍ കഴുകി ഇവരെ ഹിന്ദു മതത്തിലേക്ക് സ്വാഗതം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ ഹിന്ദുത്വ സംഘടനകള്‍ ‘ഘര്‍വാപസി’ നടത്തുന്നത് സ്ഥിരം സംഭവമാണെന്നും ആര്‍.എസ്.എസ് മുഖപത്രം അവകാശപ്പെടുന്നു. 2022 മാര്‍ച്ചില്‍ സംഘടിപ്പിച്ച സമാനമായ ഒരു പരിപാടിയില്‍ 1200ലധികമാളുകള്‍ ഹിന്ദുമതം സ്വീകരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തന പരിപാടിയാണ് ‘ഘര്‍ വാപസി’.
ഭാരതത്തിന്റെ പൂര്‍വികരെല്ലാം ഹിന്ദു മതത്തില്‍ പെട്ടവരാണെന്നും, ഹിന്ദു മതത്തില്‍ നിന്ന് പില്‍ക്കാലത്ത് പോയവരെ തിരിച്ചെത്തിക്കാനാണ് ‘ഘര്‍ വാപസി’ എന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ വലിയരീതിയില്‍ ഹിന്ദുത്വ സംഘടനകള്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തിയിരുന്നു.