ന്യൂദല്‍ഹി: വിമാന യാത്രക്കിടെ നാണം കെട്ട് ആര്‍.എസ്.എസ് നേതാവും അയോധ്യ രാമക്ഷേത്ര മാനേജറുമായ ഗോപാല്‍ റാവു. ലഖ്‌നൗവില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ റാവുവിനെ തിരിച്ചറിയുകയും ‘കാണിക്ക കള്ളന്‍’ എന്ന് ഉറക്കെ വിളിക്കുകയുമായിരുന്നു.
യാത്രക്കാരുടെ പ്രതിഷേധം കനത്തതോടെ വിമാന ജീവനക്കാര്‍ ഇടപ്പെട്ട് സാഹചര്യം ശാന്തമാാക്കുകയായിരുന്നു. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഇന്‍ചാര്‍ജും അഡ്മിസ്‌ട്രേറ്റിവ് അസിസ്റ്റന്റുമാണ് ഗോപാല്‍ റാവു.
ആര്‍.എസ്.എസിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബലെയുടെയുടെ വിശ്വസ്തനാായ ഇദ്ദേഹം രാമക്ഷേത്ര ട്രസ്റ്റിലെ ക്ഷണിതാക്കളില്‍ ഒരാളാണ്.
രാമക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു.
പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസില്‍ ട്രസ്റ്റ് അംഗങ്ങളടക്കം എട്ട് പേര്‍ അറസ്റ്റിലായിരുന്നു. അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രാംശങ്കര്‍ യാദവ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ആരോപണ വിധേയരായ ചമ്പത് റായ് അനില്‍ മിശ്ര എന്നിവര്‍ രാജിവെക്കുകയും ചെയ്തു. ഇവരുടെ രാജി ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ട്രസ്റ്റ് 2026 ജൂലൈ ആറിന് (നാളെ) ഒരു അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് രാജി പൂര്‍ണമായി സ്വീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. രാജി സ്വീകരിച്ചാല്‍ പോലും ഇവര്‍ പദവികളില്‍ നിന്ന് മാത്രമേ മാറുകയുള്ളൂ, ട്രസ്റ്റിലെ ലൈഫ് മെമ്പര്‍മാരായി തുടരും.
content Highlight: Humiliated in the skies: RSS leader branded a ‘temple offering thief’ on a flight.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.