ന്യൂദല്‍ഹി: ദല്‍ഹി നിസാമുദ്ദീനിലെ ഹുമയൂണിന്റെ ശവകുടീരത്തിലെ ഭിത്തിയും മേല്‍ക്കൂരയും ഇടിഞ്ഞുവീണു. അപകടത്തിൽ 3 സ്ത്രീകൾ അടക്കം അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞ് 3:51നാണ് സംഭവം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്ത് അഗ്‌നിശമന സേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്റര്‍, എല്‍.എന്‍.ജെ.പി തുടങ്ങിയ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പത്തോളം ആളുകളെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തെന്ന് പൊലീസ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
‘ഞാന്‍ ഹുമയൂണ്‍ ശവകുടീരത്തിലാണ് ജോലി ചെയ്യുന്നത്. ശബ്ദം കേട്ടപ്പോള്‍ എന്റെ സൂപ്പര്‍വൈസര്‍ ഓടി വന്നു. ഞങ്ങള്‍ ആളുകളെയും ഉദ്യോഗസ്ഥരെയും വിളിച്ചു. കുടുങ്ങിപ്പോയ ആളുകളെ ഞങ്ങള്‍ പുറത്തെടുത്തു,’ ദൃക്സാക്ഷിയായ വിശാല്‍ കുമാര്‍ പി.ടി.ഐയോട് പറഞ്ഞു.
മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഇത്. പതിനാറാമത്തെ നൂറ്റാണ്ടിന്റെ മധ്യത്തോടെ നിര്‍മിച്ച ഇവിടെ ദിവസേന നൂറ് കണക്കിന് സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ട്. മഥുര റോഡും ലോധി റോഡും കൂടിച്ചേരുന്ന ക്രോസിങ്ങിന് സമീപമാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്.