ബീജിങ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് നരേന്ദ്ര മോദി. റഷ്യ – ഉക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകം ആഗ്രഹിക്കുന്നുവെന്നും മോദി പുടിനോട് പറഞ്ഞു. എത്രയും വേഗം സംഘര്‍ഷം അവസാനിപ്പിച്ച് ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ടിയാന്‍ജിനില്‍ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഉക്രൈനില്‍ സമാധാനം സ്ഥാപിക്കാനുള്ള എല്ലാ സമീപകാല ശ്രമങ്ങളെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രയാസകരമായ സമയങ്ങളില്‍ പോലും ഇന്ത്യയും റഷ്യയും എപ്പോഴും തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയും ന്യൂദല്‍ഹിയും തമ്മിലുള്ള ബന്ധം ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് നിര്‍ണായകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്.സി.ഒ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുത്തിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദം സ്ഥാപിക്കുക എന്നതാണ് ശരിയായ തീരുമാനമെന്നാണ് ഷി ജിന്‍പിങ് മോദിയോട് പറഞ്ഞത്.
അതിര്‍ത്തി പ്രശ്നം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കരുതെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ സുസ്ഥിരവും ശക്തവുമായ വികസനം സാക്ഷാത്കരിക്കുന്നതിന് ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു.