മതമല്ല മനുഷ്യത്വമാണ് വലുത്: ടൊവിനോ തോമസ്
kERALA NEWS
മതമല്ല മനുഷ്യത്വമാണ് വലുത്: ടൊവിനോ തോമസ്
ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 8:36 am

കൊല്ലം: മതവും രാഷ്ട്രീയവും ഏതായാലും മനുഷ്യത്വമാണ് വലുതെന്നും അത് കൈവിടരുതെന്നും നടന്‍ ടൊവിനോ തോമസ്. സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മള്‍ നമ്മളിലേക്കുതന്നെ നോക്കണം. നമ്മുടെ ഉള്ളില്‍ നന്മകള്‍ ഏറെയുണ്ട്. അത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. ഇന്ന് നാട്ടില്‍ നടക്കുന്ന എല്ലാ അസ്വാരസ്യങ്ങള്‍ക്കും മരുന്ന് സ്‌നേഹമാണ്. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കുന്നതിന് മടിയില്ല. എന്റെ സിനിമ കണ്ടാലും ഇല്ലെങ്കിലും ഞാനത് പറയും. എന്റെ സ്വാതന്ത്ര്യം ആര്‍ക്കും അടിയറവച്ചിട്ടില്ല.”

ALSO READ: ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നു: കോണ്‍ഗ്രസ് വക്താവ്

ഒരു മതവും പറഞ്ഞിട്ടല്ല പ്രളയകാലത്ത് മലയാളികള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചത്. എല്ലാത്തിനും മീതെയാണ് സ്‌നേഹവും മനുഷ്യത്വവും. നാം ഇന്ന് പ്രകൃതിയില്‍നിന്ന് അകന്നുപോയി. ശാസ്ത്ര പുരോഗതി ഉണ്ടായി. എന്നാല്‍, പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് ഓരോരുത്തരും വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സേവ് ആലപ്പാട് എന്ന സന്ദേശം ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇവിടെ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല. ജീവിതവും ജീവിക്കുന്ന നാടുമാണ് സിനിമയേക്കാള്‍ വലുതെന്നും ടൊവിനോ ചൂണ്ടിക്കാട്ടി.

WATCH THIS VIDEO: