പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞ് ലഖ്‌നൗ സര്‍വകലാശാല; സഹപാഠികള്‍ക്ക് നിസ്‌കരിക്കാന്‍ കാവല്‍ നിന്ന് ഹിന്ദു വിദ്യാര്‍ത്ഥികള്‍
India
പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞ് ലഖ്‌നൗ സര്‍വകലാശാല; സഹപാഠികള്‍ക്ക് നിസ്‌കരിക്കാന്‍ കാവല്‍ നിന്ന് ഹിന്ദു വിദ്യാര്‍ത്ഥികള്‍
നിഷാന. വി.വി
Tuesday, 24th February 2026, 8:51 am

ലഖ്‌നൗ: ലക്‌നൗ സര്‍വകലാശാലയിലെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് നിസ്‌കരിക്കാനും നോമ്പ് തുറക്കാനും സഹായിക്കുന്നതിന് മനുഷ്യ ചങ്ങല തീര്‍ത്ത് ഹിന്ദു വിദ്യാര്‍ത്ഥികള്‍.

ലാല്‍ബരാദാരി എന്ന കെട്ടിടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്കുള്ള പ്രവേശന കവാടം സര്‍വകലാശാല അധികൃതര്‍ അടച്ചതോടെയാണ് ക്യാമ്പസിനുള്ളില്‍ നിസ്‌ക്കരിക്കാനും നോമ്പ് തുറക്കാനുമായി മനുഷ്യ ചങ്ങല തീര്‍ത്തത്.

മുസ്‌ലിം സഹോദരങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ ഹിന്ദു സഹപാഠികള്‍ കാവല്‍ നില്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മുഗള്‍ കാലഘട്ടത്തിലേതാണ് ലാല്‍ബാദരി കെട്ടിടം. മുമ്പ് ബാങ്കും കാന്റീനും ഉണ്ടായിരുന്ന കെട്ടിടം സ്ഥിതി വഷളായതിനെ തുടര്‍ന്ന് 2017 മുതല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

പ്രവേശ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥികള്‍ പതിവായി കെട്ടിടത്തിലേക്ക് എത്താറുണ്ട്.
എന്നാല്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ സര്‍വകലാശാല അധികൃതര്‍ പള്ളിയിലേക്കുള്ള പ്രവേശന കവാടം വേലി കെട്ടി അടക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യയും (എന്‍.എസ്.യു.ഐ) സമാജ്വാദി ഛത്ര സഭയും ചേര്‍ന്ന് നിശബ്ദ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

‘നമ്മുടെ മുസ്‌ലിം സഹോദരന്മാര്‍ പ്രാര്‍ത്ഥനയ്ക്കായി ലാല്‍ ബദാരയില്‍ പ്രവേശിച്ചിരുന്ന ഗേറ്റ് പൂട്ടി സീല്‍ ചെയ്തിരുന്നു,’ എന്‍.എസ്.യു.ഐ യുടെ ദേശീയ കോര്‍ഡിനേറ്റര്‍ വിശാല്‍ സിങ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ലഖ്നൗ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലാല്‍ ബരാദാരിയില്‍, യൂണിവേഴ്‌സിറ്റി സ്ഥാപിതമായതു മുതല്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന നടത്തിവരുന്നുണ്ട്. എന്നാല്‍ മുന്‍കൂര്‍ വിവരം നല്‍കാതെ റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കാതെ പള്ളി കവാടം സീല്‍ ചെയ്തുവെന്നും എസ്.സി.എസ് വിദ്യാര്‍ത്ഥി പ്രതിനിധി നവനീത് കുമാര്‍ പറഞ്ഞു.

‘നിങ്ങള്‍ ദിവസവും ആരാധനയ്ക്കായി പോകുന്ന ഒരു സ്ഥലത്ത് പെട്ടെന്ന് ഒരു ദിവസം വാതിലുകള്‍ അടച്ചിട്ടിരിക്കുന്നതായി കാണുകയും ആരാധനയില്‍ നിന്ന് എന്നെന്നേക്കുമായി വിലക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു തോന്നും?
സര്‍വകലാശാല ഭരണകൂടം ചെയ്തത് ഇതാണ്. മുന്‍കൂര്‍ വിവരങ്ങളൊന്നുമില്ലാതെ വെല്‍ഡിങ് വഴി പള്ളിയുടെ വാതിലുകള്‍ അടച്ചു,’ എന്‍.എസ്.യു.ഐയുടെ ദേശീയ കോര്‍ഡിനേറ്റര്‍ വിശാല്‍ സിങ് പറഞ്ഞു.

എന്നാല്‍ ലാല്‍ബദാരി തകര്‍ന്ന നിലയിലായിരുന്നതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് അടച്ചുപൂട്ടല്‍ നടപടിയെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വാദം.

‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായും (എ.എസ്.ഐ) മറ്റ് അധികാരികളുമായും ഞങ്ങള്‍ കത്തിടപാടുകള്‍ നടത്തുന്നുണ്ട്. കെട്ടിടം പെതൃക ഘടനയായി സംരക്ഷിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്,’ സര്‍വകലാശാല രജിസ്ട്രാര്‍ ഭാവന മിശ്ര പറഞ്ഞു.

Content Highlight: Human wall of religious harmony; Lucknow University blocks entry to mosque: Hindu students stand guard to allow classmates to pray

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.