മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് ബി.ജെ.പി സര്‍ക്കാരുകള്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധം: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
national news
മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് ബി.ജെ.പി സര്‍ക്കാരുകള്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധം: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2023, 11:48 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.

മുസ്‌ലിങ്ങള്‍ക്കെതിരായ പൊതുശിക്ഷാ നടപടി’യായി അവരുടെ വീടുകള്‍ ഇടിച്ച് നിരത്തിക്കൊണ്ടുള്ള സംഘപരിവാറിന്റെ ബുള്‍ഡോസര്‍ രാജ് മാറിയെന്നും മുസ്‌ലിങ്ങള്‍ക്കെതിരെയും താഴ്ന്ന വരുമാനമുള്ള പാവപ്പെട്ടവര്‍ക്കെതിരെയും നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചതായുമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2022ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ വീടുകള്‍ പൊളിച്ചു നീക്കിയ സംഭവങ്ങള്‍ വര്‍ധിച്ചതായും നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള ഇത്തരം നടപടികള്‍ നോര്‍മലൈസ് ചെയ്യപ്പെടുന്നുണ്ടെന്നും സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 712 പേജുള്ള റിപ്പോര്‍ട്ട് ജനുവരി 12നായിരുന്നു സംഘടന പുറത്തുവിട്ടത്.

100ഓളം രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജടക്കമുള്ള മനുഷ്യത്വരഹിതമായ നടപടികളും ‘ഇടം നേടിയത്’. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് മേലുള്ള എക്‌സ്ട്രാ-ജുഡീഷ്യല്‍ പണിഷ്‌മെന്റായാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കപ്പെടുന്നതെന്നും ഇതില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി തുടങ്ങീ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകള്‍ അനധികൃത നിര്‍മാണങ്ങളെന്നാരോപിച്ച് ബി.ജെ.പി സര്‍ക്കാര്‍ പൊളിച്ചു നീക്കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളുടേതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

”ഏപ്രിലില്‍, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി എന്നിവിടങ്ങളിലെ അധികാരികള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരായ നടപടികളെന്ന പേരില്‍ മുസ്‌ലിങ്ങളുടെ ഭൂരിഭാഗം വരുന്ന സ്വത്തുക്കളും തകര്‍ത്തു. കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് അവര്‍ പൊളിച്ചുനീക്കലിനെ ന്യായീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും, മുസ്‌ലിങ്ങള്‍ക്കെതിരായ ശിക്ഷയായാണ് ഈ നീക്കത്തെ കാണാനാകുന്നത്,” റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Human Rights Watch Slams Bulldozer Raj Demolition Drives in BJP-Ruled States in India