യു.എ.ഇ അധികാരികളുടെ ചൂഷണത്തെക്കുറിച്ച് കത്തെഴുതി; മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ പ്രതികാരം ചെയ്ത് എമിറേറ്റ്‌സ്
World News
യു.എ.ഇ അധികാരികളുടെ ചൂഷണത്തെക്കുറിച്ച് കത്തെഴുതി; മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ പ്രതികാരം ചെയ്ത് എമിറേറ്റ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th January 2022, 12:23 pm

അബുദാബി: മനുഷ്യാവകാശ പ്രവര്‍ത്തകനെതിരായ യു.എ.ഇ സര്‍ക്കാര്‍ അധികൃതര്‍ സ്വീകരിച്ച പ്രതികാര നടപടികളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹ്മദ് മന്‍സൂറിനെതിരെയാണ് എമിറേറ്റ്‌സിന്റെ പ്രതികാര നടപടി.

ജയിലില്‍ കഴിയുന്ന സമയത്തും വിചാരണ നടപടികള്‍ നേരിട്ടിരുന്ന സമയത്തും താന്‍ നേരിട്ട ചൂഷണങ്ങളെക്കുറിച്ചും ജയിലില്‍ വെച്ച് അഹ്മദ് എഴുതിയ കത്ത് യു.എ.ഇയിലെ ഒരു പ്രാദേശിക മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായാണ് എമിറേറ്റ് മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഗള്‍ഫ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നീ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020 നവംബറില്‍ എഴുതിയ കത്ത് 2021 ജൂലൈ 16നായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെ അധികൃതര്‍ മന്‍സൂറിനെ കൂടുതല്‍ ഇടുങ്ങിയതും ഒറ്റപ്പെട്ടതുമായ ഒരു ജയില്‍ സെല്ലിലേക്ക് മാറ്റിയിരുന്നു.

വായനക്ക് വേണ്ടി മന്‍സൂര്‍ ഉപയോഗിച്ചിരുന്ന കണ്ണടകള്‍ അയാള്‍ക്ക് നല്‍കാതിരിക്കുകയും ചികിത്സാ സേവനങ്ങള്‍ നിഷേധിക്കുകയും ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

തന്റെ ആക്ടിവിസത്തിന്റെ പേരില്‍ 10 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട മന്‍സൂര്‍ അബുദാബിക്കടുത്തുള്ള അല്‍-സദ്ര് ജയിലിലാണുള്ളത്. 2017 മാര്‍ച്ചിലായിരുന്നു മന്‍സൂര്‍ ജയിലിലായത്.

അന്നുമുതല്‍ പുറംലോകവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഏറെക്കുറെ മുഴുവനായും തടയുകയും ഫോണ്‍ വിളിക്കാനോ മറ്റ് തടവുകാരുമായോ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കുകയുമാണ്. ഇയാള്‍ക്ക് ജയില്‍മുറിയില്‍ കട്ടിലോ കിടക്കയോ പോലും അനുവദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള യു.എ.ഇയുടെ സഖ്യരാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ഗള്‍ഫ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്യായമായി മതടവിലിട്ടിരിക്കുന്ന മന്‍സൂറിന്റെ മോചനത്തിന് വേണ്ടി ഇടപെടണമെന്നാണ് ആവശ്യം.

യു.എ.ഇയിലെ ജയിലുകളും കോടതികളും ഗവേഷകര്‍ക്കും സംഘടനകള്‍ക്കും പരിശോധിക്കാന്‍ വേണ്ടി തുറന്നുകൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇവര്‍ സഖ്യരാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

മന്‍സൂറിന്റെയും അദ്ദേഹത്തെപോലെ തടവില്‍ കഴിയുന്ന മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സുരക്ഷ പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെടുന്നുണ്ട്.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാര്‍ത്താ വെബ്‌സൈറ്റായ അറബി21ലായിരുന്നു മന്‍സൂറിന്റെ കത്ത് പ്രത്യക്ഷപ്പെട്ടത്. ജയിലില്‍ കഴിയവെ തന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ പോലും അധികാരികള്‍ നിഷേധിച്ചുവെന്ന് മന്‍സൂര്‍ കത്തില്‍ പറഞ്ഞിരുന്നു.

യു.എ.ഇയുടെ സ്ഥാനത്തെയും അഭിമാനത്തെയും രാജ്യത്തിന്റെ നേതാക്കളെയും അതിന്റെ പ്രതീകങ്ങളെയും അപമാനിച്ചു, തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യു.എ.ഇയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പ് ചുമത്തിയാണ് മന്‍സൂറിനെ അറസ്റ്റ് ചെയ്ത് തടവിലിട്ടത്.

2021 ജൂണില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.എ.ഇ, ഒക്ടോബറില്‍ യു.എന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിലും അംഗത്വം നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Human Rights Watch report says UAE authorities retaliated against human rights activist