ടാന്‍സാനിയയില്‍ മാസയ് ഗോത്ര വിഭാഗത്തിന് നേരെ പൊലീസ് അതിക്രമം; ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ നീക്കം; അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍
World News
ടാന്‍സാനിയയില്‍ മാസയ് ഗോത്ര വിഭാഗത്തിന് നേരെ പൊലീസ് അതിക്രമം; ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ നീക്കം; അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2022, 6:29 pm

ഡൊഡോമ: ടാന്‍സാനിയയിലെ തദ്ദേശീയ കമ്മ്യൂണിറ്റിയായ ഗോത്ര മാസയ് വിഭാഗത്തെ ടാന്‍സാനിയന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ടാന്‍സിയയുടെ വടക്കന്‍ ജില്ലയായ ന്‍ഗൊരോന്‍ഗൊരോയിലെ (Ngorongoro) ലൊല്യോന്‍ഡൊയിലുള്ള (Loliondo) മസായ് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെയാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

മാസയ് കമ്മ്യൂണിറ്റിയിലെ ആളുകളെ അവരുടെ പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്.

അധികൃതര്‍ കണ്‍സര്‍വേഷന്‍ ആക്ടിവിറ്റിക്ക് വേണ്ടി ‘മാറ്റിവെച്ച’ 1500 സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമിയില്‍ നിന്നും മസായ് വിഭാഗത്തെ ഒഴിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സുരക്ഷാ സേന ഇവരെ ആക്രമിച്ചത്. ജൂണ്‍ പത്തിന് നടന്ന സംഭവത്തില്‍ 31 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അക്രമസംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പൊലീസ് വെടിവെക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാസയ് ജനങ്ങള്‍ ഓടുന്നതിന്റെ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.

മാസയ് കമ്മ്യൂണിറ്റിയില്‍ പെട്ട ആളുകള്‍ സ്വന്തം ഭൂമിയായി കണക്കാക്കുന്ന പ്രദേശത്ത് നിന്നാണ് ഇപ്പോള്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അവര്‍ ആക്രമിക്കപ്പെടുന്നത്. തങ്ങളുടം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ട ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അവര്‍ ശേഖരിക്കുന്നതും ഈ ഭൂമിയില്‍ നിന്ന് തന്നെയാണ്.

സംഭവത്തെ ആഫ്രിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ ആന്‍ഡ് പീപ്പിള്‍സ് റൈറ്റ്‌സ് (African Commission on Human and Peoples’ Rights) അപലപിച്ചിട്ടുണ്ട്. അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ടൂറിസം പദ്ധതികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മനപൂര്‍വം അക്രമം അഴിച്ചുവിടുന്നതെന്നാണ്, ദ ഇന്‍ഡിജിനസ് പീപ്പിള്‍സ് ആന്‍ഡ് കമ്യൂണിറ്റി കണ്‍സേര്‍വ്ഡ് ഏരിയാസ് ആന്‍ഡ് ടെറിറ്ററീസ് (The Indigenous Peoples’ and Community Conserved Areas and Territories – ICCAs) കണ്‍സോര്‍ഷ്യം പറഞ്ഞത്.

ഈസ്റ്റ് ആഫ്രിക്കന്‍ നീതിന്യായ കോടതിയില്‍ (East African Court of Justice) ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് അധികൃതരും പൊലീസും ‘അക്രമത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത്,’ എന്നാണ് മാസയ് കമ്യൂണിറ്റിയിലെ പ്രതിനിധികള്‍ക്ക് വേണ്ടി ഫോറസ്റ്റ് പീപ്പിള്‍സ് പ്രോഗ്രാം (Forest Peoples Programme) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

അക്രമസംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് കാരണം കമ്മ്യൂണിറ്റിയില്‍പെട്ട 700ഓളം ആളുകള്‍ ഭൂമി വിട്ട് പോയതായും ഒമ്പത് കമ്യൂണിറ്റി ലീഡര്‍മാരെ അജ്ഞാതമായ സ്ഥലത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Human Rights organisations against Tanzanian police violence against Maasai community