എഡിറ്റര്‍
എഡിറ്റര്‍
ഷാവേസ് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍: വാസ്തവ വിരുദ്ധമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Saturday 2nd March 2013 9:23am

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരിക്കെ അദ്ദേഹം മരിച്ചതായ പ്രചരണങ്ങള്‍ വെനസ്വേലയില്‍ പരക്കുന്നു.

ഫെബ്രൂവരി 15 ന് പുറത്ത് വിട്ട ഫോട്ടോഗ്രഫുകള്‍ മാത്രമാണ് കരാക്കസിലെ മിലിറ്ററി ആശുപത്രിയില്‍ കഴിയുന്ന വെനുസ്വേലന്‍ പ്രസിഡന്റെതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

Ads By Google

ഇതോടെ ഷാവേസ് മരിച്ചതായുള്ള പ്രചാരണങ്ങളും വന്നും. എന്നാല്‍ പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, ജനതയുടെ  ആത്മവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ആരോപിച്ചു.

അസുഖത്തെ അതിജീവിച്ച് ഷാവേസ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വെനസ്വേലന്‍ ജനത. അര്‍ബുദ രോഗ ബാധിതനായി ക്യൂബയില്‍ ചികിത്സ തേടിയ ശേഷം തിരിച്ചത്തിയ ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യ സ്ഥിതി വഷളായതായി ഇന്നലെ വെനസ്വേലന്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ പ്രസ്താവനയിറക്കിയിരുന്നു.

രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച ഷാവേസ് ജീവിതത്തിനായുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹത്തിന് വേണ്ടി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കണമെന്നും മധുരോ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഷാവേസ് മരിച്ചതായുള്ള അഭ്യൂഹങ്ങളും പരക്കാന്‍ തുടങ്ങിയത്.

അതേ സമയം ഷാവേസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഷാവേസിനെപ്പോലുള്ള ജനകീയ നേതാവിന്റെ രോഗ വിവരങ്ങള്‍ അറിയാനുള്ള അവകാശം വെനസ്വേലന്‍ ജനതയ്ക്കുണ്ടെന്നും അവര്‍ പറയുന്നു.

14 വര്‍ഷക്കാലം വെനുസ്വേലയുടെ പസിഡണ്ടായ ഷാവേസ് 2012 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തിയത്.

ഷാവേസിന് ജൂണിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ നാളായി അദ്ദേഹം അര്‍ബുദ രോഗബാധിതനായിരുന്നു. അവസാനം നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഷാവേസിന് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നു.

ക്യൂബയിലെ ഹവാനയില്‍ ചികിത്സയിലായിരുന്ന ഷാവേസ് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ട്വിറ്ററിലൂടെ തന്റെ മടങ്ങി വരവ് ഷാവേസ് ജനങ്ങളെ അറിയിക്കുകയും ചെയ്തു.

ഞാന്‍ എന്റെ രാജ്യമായ വെനസ്വേലയില്‍ തിരിച്ചെത്തിയിരിക്കുന്നു. തിരിച്ചുവരവിന് കാരണമായ ദൈവത്തിനും എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കും നന്ദി. ഇനിയുള്ള ചികിത്സ ഇവിടെ തുടരും’ ഇതായിരുന്നു ഷാവേസിന്റെ ട്വിറ്റര്‍ കുറിപ്പ്.

അടുത്ത ആറുവര്‍ഷത്തേക്കുകൂടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദേഹം ഇക്കഴിഞ്ഞ ജനുവരി പത്തിനായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്.

2011 ജൂണിലാണ് തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് ഷാവേസ് പുറംലോകത്തോട് വെളിപ്പെടുത്തിയത്. പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ വൈസ് പ്രസിഡന്റ് നിക്കൊളാസ് മധുരൊയെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോടു നിര്‍ദേശിച്ചിട്ടാണ് അവസാനം ഷാവേസ് ക്യൂബയിലേക്ക് പോയത്.

Advertisement