ലക്കിടി: വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ദേശീയതല സാങ്കേതിക ഉത്സവമായ നെഹ്‌റു സയന്‍സ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോയില്‍ (NSITE 2025) വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ എക്‌സ്‌പോ പാലക്കാട് ക്രൈംബ്രാഞ്ച് (സി.ഐ.ഡി) സൂപ്രണ്ട് ഫിറോസ് എം.ഷഫീഖ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യശില്‍പ്പികള്‍ സ്വപ്നം കണ്ട ശാസ്ത്രബോധമുള്ള ജനത എന്നത് ഇനിയും പൂര്‍ണമായി നടപ്പായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ സ്വപ്നത്തിലേക്കുള്ള ദൂരം കുറക്കുകയാണ് എന്‍സൈറ്റ് പോലുള്ള ശാസ്ത്രപ്രദര്‍ശനങ്ങള്‍ ചെയ്യുന്നതെന്നും ഫിറോസ് എം. ഷഫീഖ് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളില്‍ പുതിയ ശാസ്ത്രബോധം ഉണര്‍ത്തുകയാണ് ശാസ്ത്രവും സാങ്കേതിക വിദ്യകളും കണ്ടെത്തലുകളും സമ്മേളിക്കുന്ന എക്സപോയുടെ ലക്ഷ്യം. നെഹ്‌റു കോളേജിന്റെ ലക്കിടി, പാമ്പാടി കാമ്പസുകളില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
നെഹ്റു സയന്‍സ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജി എക്സ്പോ (NSITE 2025) പ്രദർശന ഹാളിൽ നിന്നുള്ള ദൃശ്യം
പി.കെ. ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സലറും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് അധ്യക്ഷനായി. ദക്ഷിണ റെയില്‍വെ ആഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ്. ജയകൃഷ്ണന്‍ വിശിഷ്ടാതിഥിയായി.
ഐ.എസ്.ആര്‍, വി.എസ്.എസ് സി. അസോ. ഡയറക്ടര്‍ ഡോ. എ.കെ അസറഫ് മുഖ്യാതിഥിയായി. ഡോ. ആര്‍.സി കൃഷ്ണകുമാര്‍, പ്രൊഫ. ഡോ. എച്ച്. എന്‍ നാഗരാജ, ഡോ. ആര്‍. ഗൗരി തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്, അവരുടെ ഏറ്റവും മികച്ച പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളും സങ്കേതിക വിദഗ്ദരും വ്യവസായിക സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രമുഖ സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ഒരുക്കിയിട്ടുണ്ട്. മോട്ടോര്‍ ഷോ കാണാനും വലിയ തിരക്കാണ്. സയന്‍സ് ടാലന്റ് സെര്‍ച്ച് പരിപാടിയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും എക്‌സ്‌പോയില്‍ ആദരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുണ്ട്. കൂടാതെ ഇവര്‍ക്ക് നെഹ്റു ഗ്രൂപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പരിഗണനയും ലഭിക്കും. എന്‍സൈറ്റ് എക്സപോ വെള്ളിയാഴ്ച സമാപിക്കും.
Content Highlight: Huge student participation in NSITE 2025