പുതിയ മദ്യനയം നടപ്പാക്കാന്‍ അനുവദിക്കില്ല; തെരുവിലിറങ്ങി ലക്ഷദ്വീപ് ജനത
Kerala News
പുതിയ മദ്യനയം നടപ്പാക്കാന്‍ അനുവദിക്കില്ല; തെരുവിലിറങ്ങി ലക്ഷദ്വീപ് ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 3:35 pm

കൊച്ചി: പുതിയ മദ്യനയം നടപ്പാക്കുന്നതിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം.
ലക്ഷദ്വീപിലെ കോണ്‍ഗ്രസ്, എന്‍.സി.പി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മിനിക്കോയി ഡെപ്പ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ദ്വീപില്‍ ഇതുവരെയുള്ള മദ്യനിരോധനം എടുത്തു കളയരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജനകീയ സമരസമിതി പ്രതിനിധികള്‍ അറിയിച്ചു. വ്യാഴാഴ്ച നടന്ന സമരത്തില്‍ സ്ത്രീകളാണ് കൂടുതലും പങ്കെടുത്തത്.

ലക്ഷദ്വീപിന്റ ഭാഗമായി പത്ത് ദ്വീപുകളിലും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടക്കുന്നുണ്ട്. അഗത്തി ദ്വീപില്‍ വെള്ളിയാഴ്ച വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലും സമരം നടക്കും.

ലക്ഷദ്വീപ് എക്സൈസ് റെഗുലേഷന്‍ 2022 എന്ന പേരില്‍ ഈ മാസം മൂന്നിന് ലക്ഷദ്വീപ് കരട് ബില്ല് പരസ്യപ്പെടുത്തിയത് മുതലാണ് വലിയ രീതിയില്‍ പ്രതിഷേധം തുടങ്ങിയത്. 30 ദിവസത്തിനുള്ളില്‍ പ്രദേശവാസികള്‍ക്ക് അഭിപ്രായമറിയിക്കാമെന്ന് കരട് ബില്ലില്‍ പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി ഒപ്പുശേഖരണം നടത്തിയിരുന്നു.

എക്സൈസ് വകുപ്പ് രൂപീകരിക്കല്‍, മദ്യനിര്‍മാണത്തിനും സംഭരണത്തിനും വില്‍പനയ്ക്കും ലൈസന്‍സ് നല്‍കുന്നതടക്കം വിശദമായ ചട്ടങ്ങള്‍ കരട് ബില്ലില്‍ പറയുന്നുണ്ട്. ബില്‍ നിയമമായാല്‍ 1979ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും. വലിയ ഹോട്ടല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജനവാസമില്ലാത്ത ബംഗാരം ദ്വീപില്‍ മാത്രമേ നിലവില്‍ മദ്യം ലഭിക്കൂ.

കരട്‌രേഖ വന്നത് മുതല്‍ തന്നെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരസ്യമായ സമരത്തിനില്ലെങ്കിലും ബില്ലിനെ എതിര്‍ക്കുമെന്ന് ദ്വീപിലെ ബി.ജെ.പി നേതൃത്വവും അറിയിച്ചിരുന്നു.

Content Highlight: huge protest in Lakshadweep against the implementation of the new liquor policy