പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന അഴിമതി ചെറുത്തില്ലെങ്കില്‍ പാര്‍ട്ടി തകരും: ഹു ജിന്റാവോ
World
പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന അഴിമതി ചെറുത്തില്ലെങ്കില്‍ പാര്‍ട്ടി തകരും: ഹു ജിന്റാവോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2012, 10:40 am

ബെയ്ജിങ്: പാര്‍ട്ടിക്ക്‌ മേല്‍ ആരോപിക്കപ്പെടുന്ന അഴിമതി ആരോപണങ്ങള്‍ തടയാനുള്ള നടപടി കൈക്കൊണ്ടില്ലെങ്കില്‍ അധികം വൈകാതെ തന്നെ പാര്‍ട്ടിയുടെ തകര്‍ച്ച കാണേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയിലുള്ള അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നത്. അത് തുടച്ചുമാറ്റേണ്ടിയിരിക്കുന്നെന്നും ഹു ജിന്റാവോ പറഞ്ഞു.[]

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 18ാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുളള സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കവേയാണ് ഹു ജിന്റാവോ ഈ പ്രസ്താവന നടത്തിയത്.

ജനങ്ങള്‍ക്കിടയില്‍ അഴിമതി ഗൗരവമേറിയ വിഷയമാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
അഴിമതി ചെറുക്കുക, രാഷ്ട്രീയ നേതൃത്വത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുക തുടങ്ങിയ നയങ്ങളാവണം പാര്‍ട്ടി ഉറപ്പാക്കേണ്ടതെന്നും ഹു ജിന്റാവോ ഓര്‍മിപ്പിച്ചു.

പാര്‍ട്ടി നേതൃത്വത്തിന് മേലുള്ള അഴിമതിക്കേസുകള്‍ അന്വേഷിച്ച് അതിന്റെ നടപടി ഉറപ്പ് വരുത്തേണ്ടതുണ്ട്. ജനങ്ങളെ മോശമായി ബാധിക്കുന്ന ഒന്നും അംഗീകരിച്ച് തരാന്‍ കഴിയില്ല. ജനത്തിന് പാര്‍ട്ടിയുടെ മേലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അച്ചടക്കവും രാജ്യത്തെ നിയമവ്യവസ്ഥയും ലംഘിക്കുന്നവര്‍ ആരായാലും അവര്‍ ഏത് ഔദ്യോഗിക പദവിയില്‍ ഉള്ളവരായാലും ദയാദാക്ഷിണ്യമേതും കൂടാതെ നിയമവ്യവസഥയ്ക്ക് വിധേയരാക്കണം.

പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം തന്നെ തങ്ങള്‍ അഴിമതിക്ക് വിധേയരാകില്ലെന്നും തങ്ങളുമായി ബന്ധം പുലര്‍ത്തുന്നവരൊന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അഴിമതിയില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും ഹു ജിന്റാവോ ഓര്‍മിപ്പിച്ചു.