ആ പ്രണയം സഫലമാവുന്നു; രതീഷ് ബാലകൃഷ്ണ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
Film News
ആ പ്രണയം സഫലമാവുന്നു; രതീഷ് ബാലകൃഷ്ണ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th May 2023, 12:01 pm

ന്നാ താന്‍ കേസ് കൊടിലെ ഹിറ്റ് പ്രണയ ജോഡികളായ സുരേശനും സുമലതയും വിവാഹിതരാകുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സുരേശനായും സുമലതയായും എത്തിയ രാജേഷ് മാധവനും ചിത്ര നായരും ഒരുമിച്ചുള്ള സേവ് ദി ഡേറ്റ് വീഡിയോ പുറത്ത് വന്നതോടെ ഇരുവരുടെയും വിവാഹമാണോ എന്നായിരുന്നു ആദ്യം ഉയര്‍ന്ന ചര്‍ച്ച. എന്നാല്‍ പിന്നീട് ഇത് സിനിമ പ്രൊമോഷനാണെന്ന സൂചനകളും പുറത്ത് വരാന്‍ തുടങ്ങി.

സുരേശന്റേയും സുമലതയുടെയും കല്യാണക്കുറി കൂടി പുറത്ത് വന്നതോടെ ന്നാ താന്‍ കേസ് കൊട് സിനിമയില്‍ നിന്നും ഒരു സ്പിന്‍ ഓഫ് പ്രേക്ഷകര്‍ ഉറപ്പിച്ചു. മെയ് 29ന് പയ്യന്നൂര്‍ കോളേജില്‍ വെച്ചായിരിക്കും പരിപാടി എന്നാണ് വിവാഹ ക്ഷണക്കത്തില്‍ നല്‍കിയിരിക്കുന്നത്.

ഉപചാരപൂര്‍വം സില്‍വര്‍ ബേ സ്റ്റുഡിയോയുടെയും സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സിന്റെയും പേരുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ സംഘാടക സ്ഥാനത്ത് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്റെ പേരും കാണാം.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഹൃദയ ഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ രതീഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

സില്‍വര്‍ ബേ സ്റ്റുഡിയോസ്, സില്‍വര്‍ ബ്രോമൈഡ് പിക്‌ചേഴ്‌സ് എന്നീ കമ്പനികളുടെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫ്, അജിത് തലാപ്പിള്ളി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍.

Content Highlight: hridaya hariyay pranayakadha, ratheesh balakrishna pothuval’s new film