വിയര്‍പ്പും,ദുര്‍ഗന്ധവും വില്ലനായോ? വീട്ടിലുണ്ട് വിദ്യകള്‍
lifestyle
വിയര്‍പ്പും,ദുര്‍ഗന്ധവും വില്ലനായോ? വീട്ടിലുണ്ട് വിദ്യകള്‍
sabeena tk
Friday, 22nd March 2019, 6:20 pm

വേനല്‍ച്ചൂട് കടുത്തതോടെ പുറത്തിറങ്ങാന്‍ പലര്‍ക്കും മടിയാണ്. ചൂടിനോളം തന്നെ വിയര്‍ത്തൊലിച്ച് ആകെ മുഷിയും. അമിതമായി വിയര്‍ക്കുന്ന തരം ആളുകള്‍ക്കാണെങ്കില്‍ ഈ കൊടുംചൂടില്‍ ശരീരദുര്‍ഗന്ധം വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കും.

പെര്‍ഫ്യൂം,ടാല്‍കം പൗഡറുമൊന്നും അധികം ഏല്‍ക്കില്ലെന്ന് തന്നെ പറയാം. എന്നാല്‍ വിയര്‍പ്പും ശരീരദുര്‍ഗന്ധവും അകറ്റാന്‍ സ്വന്തം വീട്ടിലോ,മുറിയിലോ ഒക്കെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

വിനാഗിരി
കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം വിനാഗിരി കലര്‍ത്തിയാല്‍ വിയര്‍പ്പുനാറ്റവും , ദുര്‍ഗന്ധവും ഇല്ലാതാക്കാം. ഇത് കക്ഷത്തിലെ ദുര്‍ഗന്ധം അകറ്റും.

ചെറുനാരങ്ങ

ചെറുനാരങ്ങ പിഴിഞ്ഞ വെള്ളത്തില്‍ കുളിക്കുകയോ, നാരങ്ങാ കഷ്ണം കക്ഷത്തില്‍ തേയ്ക്കുകയോ ചെയ്താല്‍ അമിതവിയര്‍പ്പിനും ദുര്‍ഗന്ധത്തിനും പരിഹാരം കാണാം

തക്കാളി

തക്കാളിയില്‍ ആന്റിസെപ്റ്റിക് എലമന്‍സ് ആവശ്യത്തിനുണ്ട്. ഇത് ബാക്ടീരിയകളെ നശിപ്പിക്കും. അഞ്ച് തക്കാളി പിഴിഞ്ഞെടുത്ത് ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ക്കുക. ശേഷം കുളിക്കുക. ഇത് വിയര്‍പ്പ് മാറ്റാന്‍ ദുര്‍ഗന്ധമകറ്റാനും സഹായിക്കും.

ബേക്കിങ് സോഡ
ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയും രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.

ഷേവിങ് കൃത്യമായി ചെയ്യണം
വേനല്‍ചൂട് കൂടുന്നതിനാല്‍ എപ്പോഴും വിയര്‍ക്കാനും ദുര്‍ഗന്ധമുണ്ടാകുകയും ചെയ്യും. അതിനാല്‍ രാവിലെയും വൈകീട്ടും കുളിക്കുകയും , ഷേവിങ് കൃത്യമായി ചെയ്യുകയും വേണം.